അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് അംഗീകാരം നേടണം
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിനത്തിലും തലേന്നും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം നേടിയിരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 21നും തെരഞ്ഞെടുപ്പിന്റെ തലേദിവസമായ ഒക്ടോബര്‍ 20നും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എം.സി.എം.സിയുടെ അംഗീകാരപത്രം ലഭിച്ചവയാണെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പെരുമാറ്റത്തിലും കരുതല്‍ വേണം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റ ചട്ടം അനുസരിച്ച് സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചില പൊതുമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പ്രചാരണ സമയത്ത് ജാതിയുടേയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. പ്രചാരണത്തിനുള്ള വേദിയായി ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമായും ഭാഷാപരമായും സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതുമായ ഒരുപ്രവര്‍ത്തനത്തിലും രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ പ്രവര്‍ത്തകരോ ഏര്‍പ്പെടരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തണം. വിമര്‍ശിക്കുമ്പോള്‍ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പരാമര്‍ശിക്കരുത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കുംനേരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കരുത്.
വോട്ടര്‍മാര്‍ക്ക് വോട്ടിനായി പാരിതോഷികം നല്‍കല്‍, അവരെ ഭീഷണിപ്പെടുത്തല്‍, കള്ളവോട്ട് ചെയ്യല്‍, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും സമ്മതിദായകരെ വാഹനത്തില്‍ എത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. അനുവാദമില്ലാതെ മറ്റൊരാളുടെ ഭൂമിയോ കെട്ടിടമോ ചുറ്റുമതിലോ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായി എക്സൈസ്
കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യം, മയക്കുമരുന്ന്, മറ്റു നിരോധിത ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉത്പാദനം, വിപണനം, ശേഖരണം, കടത്ത് എന്നിവ തടയുന്നതിനായി പത്തനംതിട്ട ഡിവിഷണല്‍ എക്സൈസ് വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ മാത്യു ജോര്‍ജ് അറിയിച്ചു. കോന്നി, ചിറ്റാര്‍, അടൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പെട്രോളിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാണ്. കോന്നി നിയോജകമണ്ഡലം ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമായി ഇതിനോടകം 29 അബ്കാരി കേസുകളും, നാല് എന്‍ഡിപിഎസ് കേസുകളും, 52 കോട്പാ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ലിറ്റര്‍ ചാരായം, 31.7 ലിറ്റര്‍ വിദേശമദ്യം, 110 കിലോ കഞ്ചാവ്, 12 ലിറ്റര്‍ ബിയര്‍, 260 ലിറ്റര്‍ വാഷ് എന്നിവ കണ്ടെടുത്തു. 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോന്നി, ചിറ്റാര്‍, അടൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സംയുക്ത റെയ്ഡുകളും വാഹന പരിശോധനകള്‍ നടത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനപ്രദേശങ്ങളിലും ലേബര്‍ ക്യാമ്പുകളിലും എക്സൈസ് വകുപ്പ് പരിശോധന നടന്നു വരുന്നു. കൂടാതെ എക്സൈസ് വകുപ്പിന്റെ കീഴില്‍ ലൈസന്‍സ് ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സ്പിരിറ്റ് സംഭരിക്കുവാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുള്ളതായും അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ അറിയിച്ചു.
ബിഎല്‍ഒമാര്‍ക്ക് ഡ്യൂട്ടി അനുവദിക്കും
കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ലിപ്പ് വിതരണത്തിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ളതിനാല്‍ ബന്ധപ്പെട്ട മേലധികാരികള്‍ ബിഎല്‍ഒമാര്‍ക്ക് 15 മുതല്‍ 17 വരെ ഡ്യൂട്ടി അനുവദിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.