കണ്ണൂർ: ജില്ലാ പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലയില്‍ സമാപിച്ചു. ആസൂത്രണ സമിതി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജനങ്ങള്‍ക്കിടയില്‍ ജാതിയുടേയോ വിശ്വാസത്തിന്റെയോ പേരില്‍ വേര്‍തിരിവുകള്‍ ഉണ്ടാകരുതെന്ന് കെ വി സുമേഷ് പറഞ്ഞു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും എത്തിക്കുന്നതിന് ശക്തമായ പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കണം. സ്വാതന്ത്യം ലഭിച്ച് ഇത്രയേറെ വര്‍ഷം കഴിഞ്ഞിട്ടും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടാകുന്നു എന്നത് യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസത്തിലൂടെയാണ് സാമൂഹ്യ പുരോഗതി നേടിയെടുക്കാന്‍ കഴിയുക.

അതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കേണ്ടതുണ്ട്. അന്ധവിശ്വാസത്തെയും അനാചാരത്തെയും അതിജീവിക്കാന്‍ നമുക്ക് സാധിച്ചത് സമഗ്രമായ വിദ്യാഭ്യാസത്തിലൂടെയാണെന്നും ജീവിത പ്രയാസങ്ങള്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.