സാങ്കേതിക വിദ്യയുടെ വളര്‍ച്ച സൃഷ്ടിക്കുന്ന തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വണ്ടിത്താവളം കെ.കെ.എം.എച്ച.് സ്‌കൂളില്‍ പുതിയ കൊമേഴ്‌സ് ലാബ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക മേഖലയില്‍ നിര്‍മ്മിത ബുദ്ധി, റോബോട്ടിക്ക്‌സ്, ഡിജിറ്റല്‍ ലേണിങ്, ത്രീഡി പ്രിന്റിങ് തുടങ്ങി വിവിധ രംഗങ്ങളില്‍ വലിയ വളര്‍ച്ചയാണ്. ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുംവിധം പാഠ്യപദ്ധതിയില്‍ മാറ്റമുണ്ടാകണം. പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ അന്വേഷണ ത്വര വളര്‍ത്താന്‍ കഴിയണമെന്നും ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ അനുയോജ്യമായ ചര്‍ച്ചകളും ചിന്തകളും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശ്രീ അധ്യക്ഷയായ പരിപാടിയില്‍ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ജി.മാരിമുത്തു, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സജിത, പി.എസ്.ശിവദാസ്, ജി. ജയന്തി, ധനലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് എ. ഹരിദാസ്, പ്രധാന അധ്യാപകന്‍ എ. ശശികുമാര്‍, പ്രിന്‍സിപ്പല്‍ പി.ടി ശ്രീകുമാര്‍, ജി.വിന്‍സെന്റ്, സി.എച്ച.് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.