മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയറില്‍ നിന്നും കേന്ദ്രീകൃത സോഫ്റ്റ് വെയറായ ‘വാഹനി’ലേക്ക് ഘട്ടംഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന് ആര്.ടി.ഒ അറിയിച്ചു.
നിലവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ സീരിസുകളില്‍ ഉള്‍പ്പെട്ട ഒന്ന് മുതല്‍ 500 വരെയുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ വാഹന്‍ സോഫ്റ്റ് വെയറിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവ തുടരുന്നു. ഈ വിവരങ്ങള്‍ parivahan.gov.in ലും mparivahan മൊബൈല്‍ ആപ്പിലും ഡിജിലോക്കറിലും ലഭ്യമാണ്.
വാഹന ഉടമകള്‍ ഇവ പരിശോധിച്ച് തെറ്റുകള്‍ കണ്ടെത്തുകയോ വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായില്ലെങ്കിലോ ബന്ധപ്പെട്ട ആര്.ടി.ഒ/ ജോയിന്റ് ആര്.ടി.ഒ.യെ രേഖാമൂലം അറിയിക്കണ്ടതാണ്.
പുതിയ സോഫ്റ്റ് വെയറിലേക്ക് മാറ്റിയ വാഹനങ്ങളുടെ തുടര്‍ന്നുള്ള സര്‍വീസുകള്‍ ‘വാഹനി’ല്‍ മാത്രമേ ലഭിക്കുകയുള്ളൂ. എല്ലാ സേവനങ്ങള്‍ക്കുള്ള അപേക്ഷ, ഫീസ്, നികുതി എന്നിവ ഓണ്‍ലൈനായി അടയ്ക്കുന്നതിന് നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, മൊബൈല്‍ പേമെന്റ് (എന്‍.പി.ഐ) എന്നീ സൗകര്യങ്ങള്‍ ‘വാഹനി’ല്‍ ലഭ്യമാണ്.
ഇതിന് മുന്നോടിയായി വാഹന ഉടമയുടെ മൊബൈല്‍ നമ്പര്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്യണം. മറ്റാരുടെയും നമ്പര്‍ ഉപയോഗിക്കരുത്. നികുതി, നികുതി കാലയളവ് സംബന്ധിച്ച വിവരങ്ങളില്‍ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കണം.
നാല് അക്കങ്ങളില്‍ കൂടുതലുള്ള വാഹന രജിസ്റ്റര്‍ നമ്പറുകളില്‍ പൂജ്യം ചേര്‍ത്താണ് വിവരം നല്‍കേണ്ടത്. (ഉദാ: KL-01-A-50 എന്നത് KL01A0050 എന്ന് ഉപയോഗിക്കണം.) പുതിയ സോഫ്റ്റ് വെയര്‍ സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ കൈപുസ്തകംmvd.kerala.gov.inല്‍ ലഭ്യമാണ്. ഒന്നേക്കാല്‍ കോടിയിലധികം വാഹനങ്ങളുടെ വിവരങ്ങള്‍ മാറ്റുന്ന സാഹചര്യത്തില്‍ ആര്.ടി/ സബ് ആര്.ടി. ഓഫീസ് പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷനര്‍ അറിയിച്ചു.