ശബരി ആശ്രമം നവീകരിക്കുമെന്ന വാക്കു പാലിച്ച് സംസ്ഥാന സര്‍ക്കാരും സാംസ്‌ക്കാരിക വകുപ്പും. അകത്തേത്തറ ശബരി ആശ്രമത്തില്‍ 2019 ജനുവരി 10 മുതല്‍ 15 വരെ നടന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രഖ്യാപിച്ച ഗാന്ധി ‘രക്തസാക്ഷ്യം’ സ്മൃതി മന്ദിരത്തിന്റെ ഒന്നാംഘട്ട നവീകരണത്തിനാണ് മുഖ്യമന്ത്രി ഒക്ടോബര്‍ 21 ന് ശിലാസ്ഥാപനം നടത്തുന്നത്.
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെയും 70-ാം രക്തസാക്ഷിത്വ വാര്‍ഷികത്തിന്റെയും ഭാഗമായാണ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരുവര്‍ഷം നീളുന്ന വിവിധ പരിപാടികളോടെ രക്തസാക്ഷ്യത്തിന് തുടക്കം കുറിച്ചത്. ഗാന്ധിജിയുടെ സ്മരണകള്‍ ജ്വലിച്ചുനില്‍ക്കുന്ന പയ്യന്നൂര്‍, തവനൂര്‍, വൈക്കം, വെങ്ങാന്നൂര്‍, പാലക്കാട് ശബരി ആശ്രമം എന്നിവിടങ്ങളിലാണ് രക്തസാക്ഷ്യം സംഘടിപ്പിച്ചത്.

ശബരി ആശ്രമത്തില്‍ നടന്ന രക്തസാക്ഷ്യം സമാപന സമ്മേളനത്തിലാണ് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ശബരി ആശ്രമം നവീകരിക്കുമെന്നും സ്മൃതി മന്ദിരം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചത്. ഇതിനായി ആദ്യഘട്ടത്തില്‍ 2.60 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പരിസ്ഥിതി സൗഹൃദപരമായി സ്മൃതി മന്ദിരം നിര്‍മ്മിക്കാന്‍ ഹാബിറ്ററ്റ് ടെക്നോളജി ഗ്രൂപ്പിനാണ് ചുമതല.
ഗാന്ധിജി താമസിച്ച കുടില്‍ അതിന്റെ തനിമ ചോരാതെ നവീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, കണ്ട്രോള്‍ മുറി, സെക്യൂരിറ്റി മുറി, കവാടം, പാതകള്‍, ലാന്‍ഡ് സ്‌കേപ്പിങ്, സൗരോര്‍ജ്ജ വിളക്ക് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഗാന്ധി വിശ്രമിച്ച കുടില്‍ തനിമ ചോരാതെ സംരക്ഷിക്കും
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമത്തില്‍ ഗാന്ധിജി മൂന്ന് പ്രാവശ്യവും പത്നി കസ്തൂര്‍ബ യോടൊപ്പം ഒരു തവണയുമാണ് സന്ദര്‍ശനം നടത്തിയത്. ഗാന്ധിജിയെ ക്ഷണിച്ചിട്ടല്ല, ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വാതന്ത്ര്യസമരത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും നടത്തുന്ന ഇടപെടലുകളെകുറിച്ച് അറിഞ്ഞാണ് ആശ്രമത്തിലെത്തിയത്. ഇതില്‍ 1927 ലെ സന്ദര്‍ശന സമയത്ത് ആശ്രമത്തില്‍ ഗാന്ധിജി നട്ട തെങ്ങ്, ഗാന്ധിജിയും കസ്തൂര്‍ബയും വിശ്രമിച്ച കുടില്‍ എന്നിവ ഗാന്ധിജിയുടെ ജീവന്‍ തുടിക്കുന്ന സ്മരണകളായി ആശ്രമത്തില്‍ നിലനില്‍ക്കുന്നു.

കായ്ഫലമുള്ള, ശരാശരിയില്‍ ഏറെ ഉയരവുമുള്ള ഈ തെങ്ങിന് ചുറ്റും തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഗാന്ധിജിയും കസ്തൂരി വിശ്രമിച്ച കുടില്‍ തനിമ ചോരാതെ സംരക്ഷിച്ചിട്ടുണ്ട്. ടി. ആര്‍ കൃഷ്ണസ്വാമി അയ്യരുടെ ഭാര്യ ഈശ്വരി അമ്മാള്‍ രോഗികളെ പരിചരിക്കുന്നതിനും വൃത്തിയാക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന വലിയ കുളം ഇപ്പോഴും ഉപയോഗ യോഗ്യമാണ്. ആശ്രമത്തിലെ അന്തേവാസികളും സമീപവാസികളും ഉപയോഗിക്കുന്ന ഈ കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കല്ലുകെട്ടി സംരക്ഷിച്ചത്. ആശ്രമത്തിലെ ചുറ്റുപാടുകള്‍ക്കും മരങ്ങള്‍ക്കും യാതൊരു കേടുപാടുകളും വരുത്താത്ത രീതിയിലുള്ള നവീകരണമാണ് ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പ് ഡയറക്ടര്‍ ജി ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.