ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടന്ന ഒന്‍പതാമത് ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ ഒറ്റപ്പാലം മുനിസിപ്പാലിറ്റി 60 പോയിന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പേരൂര്‍ രാജഗോപാലന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയ്ക്കു ലഭിച്ചു. കൊല്ലങ്കോട് ബ്ലോക്ക് രണ്ടാംസ്ഥാനവും തൃത്താല ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി.
തുടര്‍വിദ്യാഭ്യാസ കലോത്സവം സ്റ്റേജിന മത്സരങ്ങള്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമാണ് തുടര്‍വിദ്യാഭ്യാസ കലോത്സവമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
ജന്മസിദ്ധമായി ലഭിച്ച കലാ വൈദഗ്ധ്യം പലകാരണങ്ങള്‍ കൊണ്ടും നിഷേധിക്കപ്പെട്ടവര്‍ക്ക് അവസരമൊരുക്കുകയാണ് തുടര്‍ വിദ്യാഭ്യാസ കലോത്സവങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അത് അനുയോജ്യമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ പഠിതാക്കള്‍ക്കായെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.ബിനു മോള്‍, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍ , സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ദീപ ജയിംസ്, അസി. കോഡിനേറ്റര്‍ പാര്‍വ്വതി എന്നിവര്‍ സംബന്ധിച്ചു.
77 ലും മിടുക്ക് തെളിയിച്ച് തങ്കമ്മ
പഠിക്കാനുള്ള അതിയായ ആഗ്രഹത്താലാണ് തങ്കമ്മയെന്ന 77 കാരി തുല്യത പഠനത്തിനെത്തിയത്. എന്നാല്‍ ഇവര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ‘മിടുക്കി ‘ യാണെന്ന് അടിവരയിടുന്നതാണ് പങ്കെടുത്ത മത്സരങ്ങളിലെല്ലാമുള്ള അവരുടെ മികവ്. സ്റ്റേജിതര മത്സരങ്ങളായ കഥപറയല്‍, വായന എന്നിവയില്‍ തങ്കമ്മ ഒന്നാം സ്ഥാനവും നാടന്‍പാട്ട് മത്സരത്തില്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

മത്സരത്തില്‍ ബുദ്ധ സന്യാസിയുടെയും ചണ്ഡാല ഭിക്ഷുകിയുടെയും കഥപറഞ്ഞ തങ്കമ്മ പുരാണങ്ങളിലും അഗ്രഗണ്യയാണ്. വടവന്നൂര്‍ ആലങ്കോടി പൊക്കുന്നി സ്വദേശിയായ തങ്കമ്മയ്ക്ക് കുടുംബ പ്രാരാബ്ധത്താല്‍ മൂന്നാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. നല്ലപ്രായത്തില്‍ തന്നെ വിധവയാകേണ്ടി വന്ന തങ്കമ്മയ്ക്ക് കുടുംബ പ്രാരാബ്ധങ്ങളുടെ കെട്ട് പിന്നെയും ഇറക്കി വെയ്ക്കാനായില്ല.
മക്കള്‍ക്കൊന്നും ആഗ്രഹിച്ച പോലെ വിദ്യാഭ്യാസം നല്‍കാനായില്ലെന്ന് തങ്കമ്മ പറഞ്ഞു. നാല് മക്കളാണ് രാമകൃഷ്ണന്‍ – തങ്കമ്മ ദമ്പതികള്‍ക്ക്. നെല്‍കൃഷിയാണ് ഉപജീവന മാര്‍ഗം. വടവന്നൂര്‍ പഞ്ചായത്തിലെ സി.ഇ.സിയ്ക്ക് കീഴില്‍ നാലാം തരം പഠിതാവാണ് തങ്കമ്മ ഇപ്പോള്‍. പത്താംതരം വരെയെങ്കിലും പഠിക്കണം. നാട്ടിലെ കാര്യങ്ങളൊക്കെ മനസ്സിലാക്കണം. ഇതിനായി മുടങ്ങാതെ പത്രവും വായിക്കാറുണ്ട് തങ്കമ്മ. ആരോഗ്യം അനുവദിച്ചാല്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് പോകാനും തങ്കമ്മ ഒരുക്കമാണ്.