വായന പത്രങ്ങളിലും പഠനത്തിലും മാത്രമായി ഒതുക്കിനിര്‍ത്തരുതെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ നിയമ സാംസ്‌ക്കാരിക മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. എം എല്‍ എ എന്ന നിലയിലുള്ള തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 12.5 ലക്ഷം രൂപകൊണ്ട് നിര്‍മ്മാണം തുടങ്ങുന്ന കോട്ടായി ശാസ്താ പുരം സര്‍ഗ്ഗ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് വായനശാല കെട്ടിടം നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ രൂപപ്പെടുത്തുന്നതില്‍ വായനശാലകളുടെ പങ്ക് വലുതാണ്. വായന ഇല്ലാത്ത മനസ്സ് ശൂന്യമാവും. പുതിയ അറിവും വളര്‍ച്ചയും നല്‍കുന്നതാണ് വായന. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് ജീവിതത്തില്‍ ഏറെ വിലപ്പെട്ടതാണ്. സിനിമ , സീരിയല്‍ , ഇന്റര്‍നെറ്റ് തുടങ്ങിയ രംഗങ്ങള്‍ക്കിടയിലും കേരളത്തിലെ വായനശാലകള്‍ വളര്‍ച്ചയുടെ പാതയിലാണ്.
നേരത്തെ 4000 തോളം ലൈബ്രറികള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് 8000ത്തിലേറെ ലൈബ്രറി കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വായനശാലകളെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാര്‍ നയമാണെന്നും മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത അധ്യക്ഷയായി.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എം എം സജി,ലളിതാ ബി മേനോന്‍,കെ പി രവീന്ദ്രന്‍,കെ. കുഞ്ഞുലക്ഷ്മി,വി കെ സുരേന്ദ്രന്‍,കെ.കരുണാകരന്‍,വായനശാല സെക്രട്ടറി ജെ ആര്‍ ശബരീനാഥ്,അസി. എന്‍ജിനീയര്‍ എ സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.