പൊതുജനത്തിന്റെ ഭൂ രേഖകള്‍ സംരക്ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരിഗണന നല്‍കുന്നതെന്ന്
പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ,നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ .കെ ബാലന്‍ പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു നവീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ടും എംഎല്‍എ ഫണ്ടും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷംരൂപ വിനിയോഗിച്ചു നിര്‍മ്മിക്കുന്ന കുത്തന്നൂര്‍ 1 വില്ലേജ് ഓഫീസ് പുതിയ കെട്ടിടം നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ റവന്യു വകുപ്പില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഒരു ലക്ഷംപേര്‍ക്ക് പട്ടയം നല്‍കി. ലാന്‍ഡ് ട്രിബ്യൂണലിന് മുന്നിലുള്ള 72334 കേസുകള്‍ തീര്‍പ്പാക്കി. സ്ഥല പരിശോധനയ്ക്ക് വില്ലേജ് ഓഫീസര്‍മാര്‍ക്ക് കൂടി അധികാരം നല്‍കി. കാണം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഭൂ രേഖാ തഹസില്‍ദാര്‍മാരെക്കൂടി സെറ്റില്‍മെന്റ് ഓഫീസര്‍ ആക്കി. സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നത് തടയാന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു.

ഇതിലൂടെ സര്‍ക്കാരിന്റെ 200 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിച്ചു. റവന്യൂ ഇന്റലിജന്‍സ് കാര്യക്ഷമമാക്കി.റീ സര്‍വ്വേ പുനരാരംഭിച്ചു. രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ തുടങ്ങി. പുതിയ വെബ്സൈറ്റുകള്‍ ഏര്‍പ്പെടുത്തി. പുതിയ താലൂക്ക് വില്ലേജ് ഓഫീസുകള്‍ രൂപീകരിക്കുകയും അതിനായി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഒറ്റത്തവണ കെട്ടിട നികുതി പരിഷ്‌കാരം ഏര്‍പ്പെടുത്തി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

കുത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാ മുരളീധരന്‍ അധ്യക്ഷത വഹിച്ചു.കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷേളി, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളായ ലീലാ ബാലന്‍,ഉമ്മര്‍ ഫാറൂഖ്, ദിവ്യാ സ്വാമിനാഥന്‍,അംബികാ നാഗരാജ്, ഡെപ്യൂട്ടി കലക്റ്റര്‍ ആര്‍ പി സുരേഷ്,എ. ഇ സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.