തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ നൂതനാശയങ്ങളുമായി സുരക്ഷിതം 2018

കാക്കനാട്: വ്യവസായശാലകളിലെയും കെട്ടിട നിര്‍മ്മാണ മേഖലയിലെയും തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഭീഷണിയാകുന്ന വിഷയങ്ങളില്‍ തൊഴിലാളികളിലും മാനേജ്മെന്റിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓക്കുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് 2018- വിഷന്‍ സീറോ പ്രാക്ടിക്കല്‍ സൊല്യൂഷന്‍ എന്ന വിഷയത്തില്‍ സുരക്ഷിതം 2018 എന്ന പേരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറും പ്രദര്‍ശനവും ലേബര്‍ കമ്മീഷണര്‍ കെ. ബിജു ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് മുഖ്യപരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കും തൊഴിലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്കും വികസിത രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അസംഘടിത തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഏറെ കാര്യങ്ങള്‍ നടപ്പാക്കാനുണ്ട്. ജര്‍മനിയിലെ തൊഴില്‍ സുരക്ഷാ മേഖലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിലൂടെ നമുക്ക് സ്വീകരിക്കാവുന്ന നല്ല മാതൃകകള്‍ കണ്ടെത്താനും നടപ്പാക്കാനും കഴിയും. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. പരിശീലനം, നല്ല ഉപകരണങ്ങളുടെ ഉപയോഗം എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഷന്‍ സീറോ എന്ന ആഗോള സ്ട്രാറ്റജിയില്‍ ഏഴ് സുപ്രധാന നിയമങ്ങളാണുള്ളതെന്നും ഇവ കൃത്യമായി പാലിച്ചാല്‍ തൊഴിലിടങ്ങളിലെ അപകടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. കാള്‍ ഗെയ്ന്‍സ് നോട്ടല്‍ പറഞ്ഞു. ഈ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ പുസ്തകം ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്‍ വെബ് സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്ലോഡ് ചെയ്യാം. ചിത്രങ്ങളുടെ സഹായത്തോടെ തയാറാക്കിയിരിക്കുന്നതില്‍ എല്ലാ ഭാഷക്കാര്‍ക്കും ഇതു പ്രയോജനപ്പെടുത്താം. തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച് നഴ്സറി തലം മുതല്‍ അവബോധം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മനിയിലെ തൊഴില്‍ സുരക്ഷിതത്വ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിയൂട്ടറി ജര്‍മ്മന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഏജന്‍സി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പുമായി സഹകരിച്ചാണ് കൊച്ചി റമദ റിസോര്‍ട്ടില്‍പരിപാടി സംഘടിപ്പിച്ചത്. ജര്‍മനിയില്‍ നിന്നുള്ള വിദ്ഗധരാണ് സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചത്.

ജര്‍മന്‍ സോഷ്യല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സംവിധാനം എന്ന വിഷയത്തില്‍ ഈവ മാരി ഹോഫറും ലോകത്തുടനീളമുള്ള തൊഴിലിടങ്ങളിലെ അപകടനിരക്ക് എന്ന വിഷയത്തില്‍ പ്രൊഫ. കാള്‍ ഗെയ്ന്‍സ് നോട്ടല്‍, ആഗോള നിര്‍മ്മാണ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ജെന്‍സ് ജൂളിംഗ്, നിര്‍മ്മാണ മേഖലയിലെ ഗതാഗത പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ക്രിസ്റ്റിയന്‍ ഫെല്‍ട്ടന്‍, സുരക്ഷ, സാമൂഹ്യ സുരക്ഷ, തൊഴില്‍ നൈപുണ്യ വികസനം എന്ന വിഷയത്തില്‍ ഇന്‍ഡോ ജര്‍മന്‍ ഫോക്കല്‍ പോയിന്റ് പ്രതിനിധി ബി.കെ. സാഹു, നിര്‍മ്മാണ മേഖലയില്‍ ആഗോളതലത്തിലുള്ള മികച്ച മാതൃകകള്‍ എന്ന വിഷയത്തില്‍ ബര്‍നാഡ് മെര്‍സ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ഉത്പാദന-നിര്‍മ്മാണ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് പോഡിയം ഡിസ്‌കഷനും കോണ്‍ഫറന്‍സില്‍ നടന്നു.

സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണ, ഫാക്ടറി തൊഴിലാളി, മാനേജ്മെന്റ് രംഗത്തെ 400 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. തൊഴിലാളികള്‍ക്കാവശ്യമായ ആധുനിക ജര്‍മ്മന്‍ നിര്‍മ്മിത സ്വയരക്ഷ ഉപകരണങ്ങള്‍, ശ്വാസകോശ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുന്ന യൂറോപ്യന്‍ ഉപകരണങ്ങള്‍, കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല, റിഫൈനറി, പെട്രോനെറ്റ് എല്‍എന്‍ജി എന്നിവിടങ്ങളിലെ സുരക്ഷിതത്വ ആരോഗ്യ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. കൂടാതെ കൊച്ചി പെട്രോനെറ്റ് എല്‍എന്‍ജി ഫാക്ടറിയുടെ ആധുനിക സുരക്ഷിതത്വ ക്രമീകരണങ്ങളുടെ തത്സമയ പ്രദര്‍ശനവും നടന്നു.

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടര്‍ പി. പ്രമോദ്, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ എസ്. മണി, ജോയിന്റ് ഡയറക്ടര്‍ റോയ് പി. പയസ്, റമദ റിസോര്‍ട്ട് സെക്യൂരിറ്റി ഇന്‍ ചാര്‍ജ് സിബി പോത്തന്‍, കൊച്ചിന്‍ റിഫൈനറി, പെട്രോനെറ്റ് എല്‍എന്‍ജി, ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.