പ്രവാസി നിക്ഷേപം കേരളത്തിന് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ‘ഡയസ്‌പോര’ ബോണ്ട് ഇറക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ പ്രവാസികളും കേരള വികസനവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾക്ക് സുരക്ഷിതമായും ആകർഷകമായും നിക്ഷേപം നടത്താൻ സർക്കാർ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. പ്രവാസികളെ സംബന്ധിച്ച് കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാനും സുരക്ഷിതമായി നിക്ഷേപം നടത്താനുമുള്ള പുതിയ രൂപമായി ഡയസ്പോര ബോണ്ടിനെ കാണാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ സെമി ഹൈസ്പീഡ് റെയിൽപ്പാത നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  റെയിൽവെയുമായി ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതിക്ക് 65,000 കോടി ചെലവ് വരും. ഇത്തരം പദ്ധതികൾക്ക് പണം കണ്ടെത്താൻ പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്താൻ കഴിയും. ആ നിലയിലാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് ആലോചിക്കുന്നത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് വലിയ വികസന പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്.  അതിൽ പ്രവാസി സംരംഭങ്ങൾക്ക് മാത്രമായി പ്രത്യേക മേഖലയുണ്ടാകും. ചെറുകിടക്കാരായ പ്രവാസികളുടെ നിക്ഷേപവും സംരംഭവും കൂടുതൽ കൊണ്ടുവരാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കും.

നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കുമെന്നും ആകർഷകമായ വരുമാനം ലഭിക്കുമെന്നും ഉള്ളതിന്റെ തെളിവാണ് സിയാൽ. കഴിഞ്ഞ വർഷം 27 ശതമാനം ഡിവിഡന്റാണ് ആ കമ്പനി നൽകിയത്. പ്രവാസികളായ വനിതകളുടെ സംരംഭങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകും.  വനിതാ സംരംഭങ്ങൾക്ക് വായ്പ ലഭിക്കാനുള്ള പ്രയാസങ്ങൾ പരിഹരിക്കാനും സർക്കാർ ശ്രദ്ധിക്കും.

പ്രവാസികളുടെ നിക്ഷേപം സ്വീകരിച്ച് അടിസ്ഥാന സൗകര്യവികസനത്തിനും വ്യവസായവാണിജ്യ പദ്ധതികൾക്കും വിനിയോഗിക്കാനാണ് ലോക കേരള സഭയുടെ ശുപാർശ പ്രകാരം ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് കമ്പനി രൂപീകരിച്ചത്.  വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഈ കമ്പനി ആവിഷകരിക്കുന്ന പദ്ധതികളിൽ ഒന്നാണ്.  ഇത്തരം സംരംഭങ്ങളിൽ സ്ത്രീകൾക്ക് പങ്കാളികളാകാൻ കഴിയും.

ടൂറിസം മേഖലയിൽ കേരളത്തിന് അനന്തമായ സാധ്യതകളാണുള്ളത്. എന്നാൽ ഈ സാധ്യതയുടെ ചെറിയ അംശം മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളു.  ഒരാൾക്ക് ഒരു ടൂറിസ്റ്റ് എന്ന നിലയിൽ കേരളത്തിൽ വരണം.  അതായത് മൂന്നരക്കോടി ടൂറിസ്റ്റുകൾ.
പുഷ്പക്കൃഷിയിലും ഔഷധസസ്യക്കൃഷിയിലും കേരളത്തിന് വൻ സാധ്യതയാണുള്ളത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ നമുക്കുണ്ട്.

വിദേശത്തേക്ക് പൂക്കൾ കയറ്റി അയക്കാൻ അതുവഴി കഴിയും. യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉണ്ടെങ്കിൽ ഈ സാധ്യത വർധിക്കും. പുഷ്പക്കൃഷിയിലും സ്ത്രീകൾക്ക് നല്ല രീതിയിൽ പങ്കാളികളാകാൻ കഴിയും. പച്ചക്കറിക്കൃഷിയും പുഷ്പക്കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് കോൾഡ് സ്റ്റോറേജ് ശൃംഖല സർക്കാർ  ഏർപ്പെടുത്തും.  ഔഷധ സസ്യക്കൃഷി വലിയ തോതിൽ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയും സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂപരിഷ്‌കരണം കഴിഞ്ഞാൽ കേരളത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നൽകിയത് പ്രവാസികളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്പ് സിസ്റ്റം കേരളത്തിലാണ്. ഇതിലും പ്രവാസികൾക്ക് പങ്ക് വഹിക്കാനാവും. തിരുവനന്തപുരത്ത് അടുത്തിടെ നടന്ന പരിപാടിയിൽ ട്വിറ്ററിന്റെ സഹസ്ഥാപകൻ കേരളത്തിലെ സ്റ്റാർട്ട്അപ്പുകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇത്തരത്തിൽ പല ആഗോള കമ്പനികളും ഈ മേഖലയിൽ നിക്ഷേപത്തിന് തയാറാണ്. പ്രവാസികൾ നിക്ഷേപിക്കുന്ന പണത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല. പൂർണ ഗ്യാരണ്ടിയുണ്ടാവും. ബാങ്ക് നിക്ഷേപത്തിനേക്കാൾ മികച്ച നേട്ടം ഇതിലൂടെ ലഭിക്കും.

കേരളത്തിലെ തൊഴിൽ ബന്ധം ഇപ്പോൾ മാതൃകാപരമാണെന്നാണ് വലിയ നിക്ഷേപകരുടെ അഭിപ്രായം. നോക്കുകൂലി ഉൾപ്പെടെയുണ്ടായിരുന്ന പ്രശ്‌നങ്ങൾ തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് പരിഹരിച്ചതോടെ മികച്ച സാഹചര്യം ഒരുങ്ങി. ചില ഉദ്യോഗസ്ഥർ നാടിന്റെ താത്പര്യം മനസിലാക്കാതെ തെറ്റായ ചില നടപടികൾ സ്വീകരിക്കുന്നു. അത് സർക്കാർ അനുവദിക്കില്ല. നിക്ഷേപകർക്ക് കേരളത്തിൽ മുതൽമുടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി. വി. അബ്ദുൾ വഹാബ് എം. പി,  ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് കമ്പനി വൈസ് ചെയർമാൻ ഒ.വി. മുസ്തഫ, സി. ഡി. എസ് പ്രൊഫസർ ഡോ. ഇരുദയരാജൻ, സംരംഭക ഷാഫീജ പുലാക്കൽ, ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടർ ഐസക്ക് ജോൺ പട്ടാണിപറമ്പിൽ, വനിതാ സംരംഭക മനീഷ പണിക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.