ഹരിതകേരളം മിഷന്റെ മൂന്ന് ഉപദൗത്യങ്ങളുടേയും പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് സഹായകമായ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ രേഖപ്പെടുത്തുന്നതിന് ‘ഹരിതദൃഷ്ടി’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് – കേരളയുടെ സഹായത്തോടെ വികസിപ്പിച്ചു.
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അടിസ്ഥാന വിവരശേഖരണം നടത്തുകയും അതിനെ അടിസ്ഥാനമാക്കി വിവിധതരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനും വെബ്-ആപ്ലിക്കേഷനും ഉള്‍പ്പെടുന്ന ഇ-മോണിറ്ററിംഗ് സംവിധാനമാണ് ‘ഹരിതദൃഷ്ടി’. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇതിന്റെ പ്രധാന ഭാഗം. ഓണ്‍ലൈനായും ഓഫ്‌ലൈനായും പ്രവര്‍ത്തിക്കും വിധമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്.
ഹരിതകേരളം മിഷന്റെ ഉപമിഷനുകളായ ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, കൃഷി എന്നീ വിഭാഗങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ഹരിതദൃഷ്ടിയില്‍ ഉള്ളത്. കാര്‍ഷിക മേഖലയിലെ താഴെത്തട്ടുമുതലുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് കൃഷി ഉപമിഷനിലൂടെ ലക്ഷ്യമാക്കുന്നത്.
കൃഷി ഉപമിഷനില്‍ വകുപ്പുതല പദ്ധതികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതികള്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, വി.എഫ്.പി.സി.കെ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കുടുംബശ്രീ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കണം. ഒരിക്കല്‍ ചേര്‍ത്ത വിവരങ്ങള്‍ മാറ്റം വരുത്താന്‍ കഴിയില്ല എങ്കിലും പുതിയ വിവരങ്ങള്‍ ആവശ്യാനുസരണം ചേര്‍ക്കാം.
പ്രാദേശിക ജലസ്രോതസ്സുകളിലേയും നീര്‍ച്ചാലുകളിലേയും ജലസംഭരണികളുടേയും ഇടപെടല്‍ നടന്ന വൃഷ്ടിപ്രദേശത്തിന്റേയും വിവരങ്ങള്‍ ശേഖരിച്ച് ജലനിലയില്‍ വ്യതിയാനങ്ങള്‍ മോണിറ്റര്‍ ചെയ്യുകയാണ് ജലഉപമിഷന്‍ വഴി ലക്ഷ്യമിടുന്നത്.
പ്രദേശത്തിന്റെ ജലാവശ്യകത നിര്‍ണയിക്കല്‍, ജലസന്തുലനാവസ്ഥ പഠനം നടത്തല്‍,  ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ജലബജറ്റ് തയ്യാറാക്കാന്‍ സഹായിക്കല്‍, കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ജലവിതരണം ആസൂത്രണം ചെയ്യല്‍ എന്നിവ എളുപ്പത്തില്‍ സാധ്യമാക്കാനും ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും.
മാലിന്യ സംസ്‌കരണവു മായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയാണ് ശുചിത്വ-മാലിന്യ സംസ്‌കരണ ഉപമിഷന്‍ വഴി ചെയ്യുന്നത്. പ്രതിമാസം ശേഖരിച്ച പ്ലാസ്റ്റിക്കിന്റേയും പൊടിയാക്കിയ പ്ലാസ്റ്റിക്കിന്റെയും റോഡ് ടാറിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റേയും വിവരങ്ങള്‍ ശേഖരിച്ച് മോണിറ്റര്‍ ചെയ്യുക, ചന്തകളില്‍ രൂപപ്പെടുന്ന ജൈവ/അജൈവ മാലിന്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് മോണിറ്ററിംഗ് ചെയ്യുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു ഉപമിഷനിലെ ഉപവിഭാഗവുമായി ബന്ധപ്പെട്ട വിവരശേഖരണം, വിവരം ചേര്‍ക്കല്‍, വിവരങ്ങള്‍ പുതുക്കല്‍ എന്നിവ ചെയ്യുന്ന അതേ രീതി തന്നെയാണ് എല്ലാ ഉപമിഷനുകളുടേയും എല്ലാ ഉപവിഭാഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഉപയോക്ത സൗഹൃദമായി ഉപയോഗിക്കാന്‍ കഴിയും.
ഹരിതദൃഷ്ടി മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. ഡാറ്റാ കളക്ഷന്‍ നടത്തുന്നതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ അനിവാര്യമല്ല. ഗ്രാമപഞ്ചായത്തുകള്‍ക്ക് ബ്ലോക്കുതലത്തിലും നഗരസഭകള്‍ക്ക് ജില്ലാതലത്തിലുമാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
ഓരോ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, കൃഷി ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (എല്‍.എസ്.ജി.ഡി), അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് ടെകിനിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കും നഗരസഭകളില്‍ നിന്ന് കൃഷി ഓഫീസര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി), ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
ഒക്‌ടോബര്‍ 25ന് റാന്നി, കോയിപ്രം ബ്ലോക്കുകളിലും 26ന് പന്തളം, പറക്കോട് ബ്ലോക്കുകളിലും 28ന് മല്ലപ്പള്ളി, 29ന് പുളിക്കീഴ് (തിരുവല്ല ഡയറ്റ്), ഇലന്തൂര്‍ എന്നീ ബ്ലോക്കുകളുടേയും നഗരസഭകളിലെ ഉദ്യോഗസ്ഥര്‍ക്ക് 28ന് ഇലന്തൂര്‍ ബ്ലോക്കിലുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.