പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയോടൊപ്പം ഗുണമേന്മയും ഉറപ്പുവരുത്തും: മന്ത്രി കെ രാജു.

കിടാരി വളർത്തൽ പദ്ധതിയിലൂടെ നല്ല ഇനം പശുക്കളെ വളർത്തിയെടുക്കുകയും അതിലൂടെ പാലിന്റെ ഗുണമേന്മ ഉറപ്പു വരുത്തുകയും ചെയ്യാൻ സാധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.കൂടുതൽ കിടാരി പാർക്കുകൾ ആരംഭിക്കാൻ നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കീഴാറ്റിങ്ങൽ മിൽകോയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വീരളം ജംഗ്ഷനിൽ ആരംഭിച്ച ആദ്യ മിൽക്ക് എ.ടി.എമ്മിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എ.ടി.എമ്മിലൂടെയുള്ള ആദ്യ വിൽപന ബി.സത്യൻ എം എൽ എ നിർവ്വഹിച്ചു. പണമോ മിൽകോ നൽകുന്ന കാർഡോ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പാൽ വാങ്ങാം. കാർഡ് റീച്ചാർജ് ചെയ്യാനും എ.ടി.എമ്മിലൂടെ സാധിക്കും.

ഇതിനോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ കിടാരി വളർത്തൽ പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റായ മിൽകോയുടെ കൊല്ലമ്പുഴ കിടാരി പാർക്കിൽ വളർത്തിയെടുത്ത കറവപശുക്കളുടെയും ജൈവ ഫീഡ് ആന്റ് ഫോഡർ കിറ്റ് എന്നിവയുടെ വിതരണോത്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷീര കർഷകരെ ആദരിക്കുകയും വിദ്യാഭ്യാസ അവാർഡ്, റിവോളിംഗ് ഫണ്ട് എന്നിവയുടെ വിതരണവും നടന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ആർ. സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ ശ്രീകണ്ഠൻ നായർ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ പഞ്ചായത്തംഗങ്ങൾ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ മിൽകോ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.