ഭിന്നശേഷിക്കുട്ടികളുടെ കലാപരിപോഷണത്തിനും കലാപ്രദർശനത്തിനുമായി കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ആരംഭിക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്റർ ലോകത്തിന് മാതൃകയാണെന്ന് ആരോഗ്യ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. മാജിക് അക്കാദമി, കേരള സാമൂഹ്യ സുരക്ഷാമിഷൻ, തിരുവനന്തപുരം നഗരസഭ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.
ഇതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സെന്ററുകൾ ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വിവിധ കലകൾ പരിശീലിപ്പിച്ച് സ്ഥിരം കലാ അ വതരണത്തിന് അവസരമൊരുക്കുകയാണ് ഡിഫഫറന്റ് ആർട്‌സ് സെന്ററിന്റെ ലക്ഷ്യം.
മാജിക് പ്ലാനറ്റിൽ 2017ൽ ആരംഭിച്ച ഭിന്നശേഷിക്കുട്ടികളുടെ സ്ഥിരം ഇന്ദ്രജാലാവതരണ വേദിയായ എം പവറിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് കൂടുതൽ ഭിന്നശേഷിക്കുട്ടികളെ ഏറ്റെടുക്കുവാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുമായി ഡിഫറന്റ് ആർട്‌സ് സെന്റർ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ഡിഫറന്റ് ആർട്‌സ് സെന്ററിൽ കലാവതരണം നടത്തുന്ന എല്ലാ കുട്ടികളുടെയും ചെലവുകൾ ഏറ്റെടുക്കുന്നതിനും അവർക്ക് സ്റ്റൈഫന്റ് നൽകുന്നതിനുമായി നിരവധി സുമനസുകൾ രംഗത്തുവന്നിട്ടുണ്ടെന്നും ഇവരുടെ സഹകരണവും പിന്തുണയുമാണ് ഇത്തരമൊരു ബൃഹദ് പദ്ധതിക്ക് തണലായതെന്നും മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു. നവംബർ ആദ്യവാരത്തിൽ പദ്ധതി നാടിന് സമർപ്പിക്കും.