പ്രവാസി വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗ്ഗങ്ങളുമായി ലോക കേരള സഭയുടെ സ്ത്രീകളും, പ്രവാസവും സംബന്ധിച്ച സെഷനില്‍ സജീവ ചര്‍ച്ചയായി. കുടുംബം പുലര്‍ത്താന്‍ വേണ്ടി വിദേശരാജ്യങ്ങളിലും നമ്മുടെ രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ നിരവധി പ്രശ്‌നങ്ങള്‍ പ്രതിനിധികള്‍ ഉന്നയിക്കുകയുണ്ടായി. വിദേശ രാജ്യങ്ങളിലെ നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് തൊഴില്‍ തേടിപ്പോകുന്ന സ്ത്രീജനങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി രൂപീകരിച്ച പുതിയ വകുപ്പിലൂടെ നിയമ ബോധവല്‍ക്കരണം നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലായിരുന്നു മുന്‍പ് സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച വകുപ്പ് നിലനിന്നിരുന്നത്.
വിദേശത്ത് വീട്ടുജോലി തേടിപോകുന്നവര്‍ക്ക് ജോലിസംബന്ധമായ അറിവ് നല്‍കാന്‍ കഴിയുന്നതരത്തില്‍ തൊഴില്‍ നൈപുണ്യ പാക്കേജുകള്‍ തയ്യാറാക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ പറഞ്ഞു. മലയാളി കൂട്ടായ്മ, സോഷ്യല്‍ മീഡിയ ഗ്രൂപ്പ്, മലയാളി മിഷന്‍ എന്നിവയിലൂടെ പ്രവാസികളായ വനിതകളുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കപ്പെടണം. വിദേശത്ത് വീട്ടുജോലി ചെയ്യുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും പത്രം വായിക്കുന്നതിനോ, ടി.വി കാണുന്നതിനോ ഉള്ള സാഹചര്യമില്ല. റേഡിയോ മാത്രമാണ് അവര്‍ കേള്‍ക്കുന്നത്. കൂടുതല്‍ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ റേഡിയോയിലൂടെ അവതരിപ്പിക്കണമെന്ന് നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് അഭിപ്രായപ്പെട്ടു.
അനധികൃത മനുഷ്യക്കടത്തും മികച്ച താമസസൗകര്യം ഇല്ലാത്തതും പ്രവാസി സ്ത്രീകളെ പ്രതിസന്ധിയിലെത്തിക്കുന്നു. അനധികൃതമായി താമസിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടിവന്ന നിരവധി സ്ത്രീകള്‍ പ്രവാസി മലയാളികള്‍ക്കിടയിലുണ്ടെന്ന് പ്രതിനിധികള്‍ പറഞ്ഞു. നിസാര തെറ്റുകള്‍ ചെയ്തതിന് ജയില്‍ ശിക്ഷ നേരിടുന്ന പ്രവാസി സ്ത്രീകള്‍ ഇന്നും വിദേശ ജയിലുകളിലുണ്ട്. ഇവര്‍ക്ക് വേണ്ടുന്ന നിയമസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. അന്യ സംസ്ഥാനങ്ങളിലേയ്ക്ക് തൊഴില്‍ തേടിപ്പോകുന്നവരെക്കുറിച്ചുള്ള രേഖകള്‍ പരിമിതമാണ്. ആയതിനാല്‍ വ്യക്തമായ രേഖ ഉണ്ടാവണമെന്നും കൂട്ടായ അഭിപ്രായമുണ്ടായി. വിദേശ രാജ്യങ്ങളിലെ മലയാളികളായ വീട്ടുജോലിക്കാര്‍ക്ക് കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. സ്വന്തം നാട്ടില്‍ തന്നെ മെച്ചപ്പെട്ട തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും.
രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യ കോളേജുകള്‍ നിലവിലുള്ളത് കര്‍ണ്ണാടകത്തിലാണ്. കേരളത്തില്‍ നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉപരിപഠനത്തിനായി എത്തുന്നു. ഇവരില്‍ നിന്നും അമിതമായ ഫീസാണ് കര്‍ണ്ണാടകത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയണമെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മലയാളിയും കര്‍ണാടക മുന്‍ ഐ.എ.എസ് ഉദേ്യാഗസ്ഥനുമായ അലക്‌സാണ്ടര്‍ അഭിപ്രായപ്പെട്ടു.
വിദേശത്ത് പോകുന്ന തൊഴിലാളി കുടുംബങ്ങളിലെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഭാര്യമാരുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്തുകള്‍ തോറും സൗജന്യ കൗണ്‍സിലിംഗ് സെന്ററുകള്‍ തുടങ്ങണമെന്ന് എം.പി. ശ്രീമതി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ വീടുകള്‍ക്കും വയോജനങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണം ആവശ്യമാണെന്നും വിദേശത്ത്് പോയവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കണമെന്നും എം.എല്‍.എ വീണാ ജോര്‍ജ് പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രതേ്യകം രൂപീകരിച്ച വകുപ്പിലൂടെ പ്രവാസി പ്രതിനിധികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും പ്രവാസി സ്ത്രീകളുടെ ഡാറ്റാ ബാങ്ക് തയാറാക്കുമെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. നിലവിലുള്ള കൗണ്‍സിലിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും വയോജനങ്ങള്‍ക്കുവേണ്ടി പ്രതേ്യക സംരക്ഷണ പാക്കേജ് തയാറാക്കാന്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. നോര്‍ക്ക സംവിധാനങ്ങളെ കൂടുതല്‍ ഉപയോഗപ്രദമാക്കി, പ്രവാസി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുത്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും മന്ത്രി വ്യക്തമാക്കി. ചര്‍ച്ചയില്‍ മന്ത്രി കെ.കെ. ശൈലജ, എം.പി ശ്രീമതി ടീച്ചര്‍, എം.എല്‍.എ വീണാ ജോര്‍ജ,് ഉഷ ടൈറ്റസ്, ഡി.ജി.പി ബി. സന്ധ്യ, ബിജു പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.