കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കലാ-സാഹിത്യ രംഗത്തെ പ്രമുഖരുമായി ലോകകേരളസഭയുടെ ഇടവേളയിൽ ചർച്ച നടത്തി. കവി സച്ചിദാനന്ദൻ, ഓസ്‌കർ അവാർഡ് ജോതാവ് റസൂൽ പൂക്കുട്ടി, സിനിമാ താരങ്ങളായ രേവതി, ആശാശരത്, കലാകാര•ാരായ റിയാസ് കോമു, ബോസ് കൃഷ്ണാമാചാരി, പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, നിലമ്പൂർ ആയിഷ, സാമൂഹ്യ പ്രവർത്തക സുനിതാകൃഷ്ണൻ തുടങ്ങിയവരാണ് തങ്ങളുടെ ആശയങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചത്.

ആധുനിക കേരളത്തെ നല്ല രീതിയിൽ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിന് പദ്ധതി വേണമെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. പൈതൃക ഗ്രാമങ്ങളും തെരുവുകളും നല്ല നിലയിൽ സംരക്ഷിക്കാൻ നടപടി വേണം. കേരളത്തിൽ ഒരു കലാഗ്രാമം സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

കേരളത്തിന് സമഗ്രമായ കലാനയം വേണമെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. കേരളത്തിന് സാംസ്‌കാരികമായ സമ്പദ്ഘടന ഉണ്ടാക്കാൻ കഴിയുമെന്ന് റിയാസ് കോമു അഭിപ്രായപ്പെട്ടു. ഫോർട്ട് കൊച്ചി ഉൾപ്പടെയുളള സ്ഥലങ്ങളിലെ ചരിത്ര പ്രാധാന്യമുളള കെട്ടിടങ്ങൾ സംരക്ഷിക്കണം.

സ്‌കൂൾ കലോത്സവങ്ങൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കണമെന്ന് സുനിത കൃഷ്ണൻ പറഞ്ഞു. പ്രവാസികൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ ശ്രമിക്കണം. വിദേശത്ത് വീട്ടു ജോലിക്ക് പോകുന്ന പാവപ്പെട്ട സ്ത്രീകൾ ചതിക്കുഴിയിൽ വീഴാതിരിക്കാൻ അവരെ ബോധവൽക്കരിക്കാനുളള പരിപാടി വേണം.

ടൂറിസം വികസിപ്പിക്കുമ്പോൾ തന്നെ ഈ മേഖലയിൽ മോശം പ്രവണതകൾ കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് രേവതി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുളള സാംസ്‌കാരിക വിനിമയ പരിപാടി വേണമെന്ന് ബോസ് കൃഷ്ണാമാചാരി നിർദ്ദേശിച്ചു.

ലോകകേരളസഭ സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടിയാണെന്ന സന്ദേശം എല്ലായിടത്തും എത്തിക്കണമെന്ന് ആശാശരത് പറഞ്ഞു.

ലോകകേരളസഭയ്ക്ക് നല്ല തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. ഇതിനു വേണ്ടി പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നുണ്ട്. വിദേശ ജോലിക്കാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ ശ്രമിക്കും. കലാകാരൻമാരും സാഹിത്യകാരൻമാരും മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സർക്കാർ ഗൗരവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി പോൾ ആന്റണി, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസർ പ്രഭാവർമ്മ എന്നിവരും പങ്കെടുത്തു.