പ്രാദേശിക സർക്കാരുകൾക്ക് ബാലാവകാശസംരക്ഷണത്തിൽ മുഖ്യ പങ്ക് –
ഡോ. പിനാകി ചക്രബർത്തി

പ്രാദേശിക സർക്കാരുകൾക്ക് ബാലാവകാശസംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കാനാകുമെന്ന് യൂണിസെഫ് തമിഴ്‌നാട്-കേരള സോഷ്യൽ പോളിസി ചീഫ് ഡോ. പിനാകി ചക്രബർത്തി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിലെ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ മാതൃകാപരമായ പ്രവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയുടെ സെൻറർ ഫോർ പാർലമെൻററി സ്റ്റഡീസ് ആൻറ് ട്രെയിനിങ്ങും യൂനിസെഫും സംയുക്തമായി സംഘടിപ്പിച്ച ‘ബാലാവകാശ സംരക്ഷണത്തിൽ വികേന്ദ്രീകരണത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളിൽ മികച്ച രീതിയിൽ ഇടപെടലിന് തദ്ദേശ സർക്കാരുകൾക്കാകും. ഇക്കാര്യത്തിൽ കേരളം മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്. കുടുംബശ്രീ, ആശാ വർക്കർമാർ, അങ്കണവാടികൾ, ഡിസ്‌പെൻസറികൾ തുടങ്ങിയവയിലൂടെ കുട്ടികളുടെ ആരോഗ്യ, വിഭ്യാഭ്യാസ, പോഷണ കാര്യങ്ങളിൽ മേൽനോട്ടത്തിന് കേരളത്തിന് സാധിക്കുന്നുണ്ട്.

ബാലസഭകളിലൂടെ അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് മനസ്സിലാക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. ജാഗ്രതാസമിതികളും കുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്്‌നങ്ങൾക്ക് പരിഹാരം കാണുന്നുണ്ട്. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയും മികച്ച മാതൃകയാണ്. നിലവിലുള്ള മാതൃക നിലനിർത്താനും കൂടുതൽ ശക്തമാക്കാനുമുള്ള ശ്രമങ്ങൾ വേണം. തദ്ദേശസ്ഥാപനങ്ങളിലൂടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നും, രാജ്യങ്ങളിൽ നിന്നുപോലും സംഘങ്ങൾ ഇവിടെ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യം ശക്തവും സുതാര്യവുമായി വികസിച്ചാലേ ജനക്ഷേമകരമായ നടപടികൾ വ്യാപകമാകൂവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പാർലമെൻററി പ്രാക്ടീസ് ആൻറ് പ്രൊസീജിയർ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ആറാമത് ബാച്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രാജ്യത്തിന്റെ ഫെഡറൽ സാഹചര്യങ്ങളെ നിഷ്പ്രഭമാക്കാനുള്ള അന്തരീക്ഷം രൂപപ്പെടുകയാണ്.

ദേശീയ സാഹചര്യങ്ങൾ രൂപപ്പെടുത്തുമ്പോൾ സംസ്ഥാനങ്ങളുടെ സവിശേഷതകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പാർലമെൻററി പ്രാക്ടീസ് ആൻറ് പ്രൊസീജിയർ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഞ്ചാമത് ബാച്ച് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും അഡീ. സെക്രട്ടറി എസ്. ബിന്ദു നന്ദിയും പറഞ്ഞു.