കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ ഓരോ റൗണ്ടിലും ലഭ്യമാക്കി ട്രെന്‍ഡും സുവിധയും.ഓരോ റൗണ്ടും പൂര്‍ത്തിയായപ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭ്യമായ വോട്ട്, ഓരോ റൗണ്ടിലേയും ലീഡ് നില തുടങ്ങിയ കണക്കുകള്‍ കൃത്യതയോടെ നല്‍കാന്‍ ട്രെന്‍ഡ്, സുവിധ തുടങ്ങിയ ആപ്ലിക്കേഷനുകളിലൂടെ നല്‍കാന്‍ കഴിഞ്ഞു.
ട്രെന്‍ഡിലൂടെ പൊതുജനങ്ങള്‍ക്ക് തല്‍സമയം വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. സുവിധയിലൂടെ ബൂത്ത് തിരിച്ചുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി.
വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപത്തായി സജ്ജീകരിച്ച പ്രത്യേക ഡെസ്‌കില്‍ എന്‍ഐസി, ഐടി മിഷന്‍, റവന്യു, വിദ്യാഭ്യാസ വകുപ്പ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 15 അംഗ ടീമാണ് ഇതിന് പിന്നില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചത്.
സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്നിലാക്കി നോട്ട
കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്നിലാക്കി നോട്ട. മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ആരോടും പ്രിയമില്ലെങ്കില്‍ വോട്ടിംഗ് മെഷീനില്‍ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുടെ ലിസ്റ്റിന് താഴെയായുള്ള ‘നോട്ട’യ്ക്ക് വോട്ട് ഖേപ്പെടുത്താം. ഇത്തരത്തില്‍ 469 പേരാണ് വോട്ട് ചെയ്ത്. ജോമോന്‍ ജോസഫ് സ്രാമ്പിക്കലിന് 235 വോട്ട് ലഭിച്ചപ്പോള്‍ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ശിവാനന്ദന് 124 വോട്ടാണ് ലഭിച്ചത്.
നറുക്കിട്ട് എണ്ണി വിവി പാറ്റ്
കോന്നി ഉപതെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന്റെ കൃത്യതയ്ക്ക് വിവി പാറ്റിന്റെ 100 ശതമാനം പിന്തുണ. ഇവിഎമ്മിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി വോട്ടെണ്ണലിന്റെ അവസാന സമയം നറുക്കിട്ട് അഞ്ച് ബൂത്തുകള്‍ തെരഞ്ഞെടുത്ത് വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുകയായിരുന്നു. ഒബ്‌സര്‍വര്‍ ഡോ.എന്‍.വി പ്രസാദ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ എം.ബി ഗിരീഷാണ് നെറുക്കെടുപ്പിലൂടെ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനുള്ള ബൂത്തുകള്‍ തെരഞ്ഞെടുത്തത്.
169-ാം നമ്പര്‍ ബൂത്ത് കലഞ്ഞൂര്‍ ഗവ. എച്ച്.എസ്.എസ്, 155-ാം നമ്പര്‍ ബൂത്ത് ഇളമണ്ണൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, 9-ാം നമ്പര്‍ ബൂത്ത് മലയാലപ്പുഴ താഴം എന്‍.എസ്.എസ് യു.പി സ്‌കൂള്‍, 58-ാം നമ്പര്‍ ബൂത്ത് ആങ്ങമൂഴി ഗുരുകുലം യു.പി സ്‌കൂള്‍, 41-ാം നമ്പര്‍ ബൂത്ത് വയ്യാറ്റുപുഴ വി.കെ.എന്‍.എം.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിവി പാറ്റ് സ്ലിപ്പുകളാണ് നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് എണ്ണിത്തിട്ടപ്പെടുത്തി ഇവിഎമ്മിന്റെ കൃത്യത ഉറപ്പുവരുത്തിയത്. ഇതിനു ശേഷമാണ് അഡ്വ.കെ.യു ജനീഷ് കുമാറിനെ വിജയിയായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ച് സര്‍ട്ടഫിക്കറ്റ് കൈമാറിയത്.

മാധ്യമങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍
ഒരുക്കി മീഡിയ സെന്റര്‍
കോന്നി ഉപതെരഞ്ഞെട്ടപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ എലിയറക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാലിന്റെ നേതൃത്വത്തില്‍ മാധ്യമങ്ങള്‍ക്കായി പ്രത്യേകം മീഡിയ സെന്റര്‍ ഒരുക്കി. എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും തത്സമയ സംപ്രേഷണം നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു.
ട്രെന്‍ഡ് ആപ്ലിക്കേഷന്‍ വഴി തത്സമയം ഫലം അറിയിക്കാന്‍ പ്രത്യേകം പ്രോജക്ടര്‍ സൗകര്യവും നാല് വലിയ ടിവി സ്‌ക്രീനുകളും സജ്ജീകരിച്ചിരുന്നു. ഓരോ റൗണ്ടും പൂര്‍ത്തിയായപ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭ്യമായ വോട്ട്, ഓരോ റൗണ്ടിലേയും ലീഡ് നില തുടങ്ങിയ കണക്കുകള്‍ കൃത്യതയോടെ നല്‍കാനും മീഡിയ സെന്ററിനും കഴിഞ്ഞു. കൂടാതെ ഹൈ സ്പീഡ് വൈ ഫൈ സംവിധാനവും മാധ്യമങ്ങള്‍ക്ക് നല്‍കി.
ഒറ്റപ്പെട്ടപ്രദേശങ്ങളിലെ നാലു ബൂത്തുകളിലും
അഡ്വ.ജനീഷ് കുമാര്‍ മുന്നില്‍
കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റപ്പെട്ട പ്രദേശങ്ങിലെ ബൂത്തുകളായ ആവണിപ്പാറ-212, ഗവി-52, കൊച്ചു പമ്പ-53, മൂഴിയാര്‍-54 എന്നിവടങ്ങളില്‍ അഡ്വ.ജനീഷ് കുമാര്‍ മുന്നിലെത്തി. 52-ാം ബൂത്തായ ഗവിയില്‍ 403 വോട്ടര്‍ന്മാരാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 278 പേര്‍ വോട്ട് ചെയ്തു. 126 വോട്ട് ജനീഷ് കുമാറിന് ലഭിച്ചപ്പോള്‍ 89 വോട്ട് കെ സുരേന്ദ്രനും, 61 വോട്ട് പി മോഹന്‍രാജിനും ഓരോ വോട്ട് വീതം ജോമോന്‍ ജോസഫ് സ്രാമ്പിക്കലിനും നോട്ടയ്ക്കും ലഭിച്ചു.
കെഫ്ഡിസി ഓഫീസ് കോംപ്ലക്‌സിലായിരുന്നു കൊച്ചു പമ്പയിലെ 53-ാം നമ്പര്‍ ബൂത്ത്. ആകെയുള്ള 285 പേരില്‍ 203 പേര്‍ വോട്ട് ചെയ്തു. 115 വോട്ട് ജനീഷ് കുമാറിനും, 67 വോട്ട് മോഹന്‍രാജിനും 21 വോട്ട് കെ.സുരേന്ദ്രനും ലഭിച്ചു. സ്വതന്ത്രന്മാര്‍ക്കും നോട്ടയ്ക്കും ഒരു വോട്ട് പോലും ലഭിച്ചില്ല. മൂഴിയാര്‍ ഗവ: യു പി സ്‌കൂളിലായിരുന്നു 54-ാം ബൂത്ത്. 100 സമ്മതിദായകരുള്ള ബൂത്തില്‍ 74 പേര്‍ വോട്ട് ചെയ്തു. 61 വോട്ട് ജനീഷ് കുമാറിനും, 7 വോട്ട് കെ സുരേന്ദ്രനും, 4 വോട്ട് പി മോഹന്‍രാജിനും ഓരോ വോട്ട് വീതം ജോമോന്‍ ജോസഫ് സ്രാമ്പിക്കലിനും നോട്ടയ്ക്കും ലഭിച്ചു.
മണ്ഡലത്തിലെ അവസാനത്തേയും ഏറ്റവും കുറവ് വോട്ടര്‍മാരുമുള്ള ആവണിപ്പാറയിലെ ഗിരിജന്‍ കോളനി അംഗന്‍വാടിയിലെ 66 വോട്ടര്‍മാരുള്ള ബൂത്തില്‍ 50 പേര്‍ വോട്ട് ചെയ്തു. 27 വോട്ട് ജനീഷ് കുമാറിനും 13 വോട്ട് പി മോഹന്‍രാജിനും ഒമ്പതു വോട്ട് കെ സുരേന്ദ്രനും ഒരു വോട്ട് നോട്ടയ്ക്കും.
പോസ്റ്റല്‍ വോട്ട്; മുന്നില്‍ കെ.സുരേന്ദ്രന്‍
കോന്നി ഉപതെരഞ്ഞെടുപ്പില്‍ ആകെ 195 പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചത്. ഇതില്‍ 72 വോട്ടുകളും കെ.സുരേന്ദ്രന് ലഭിച്ചു. 44 വോട്ടുകള്‍ അഡ്വ. കെ.യു. ജനീഷ് കുമാറിനും, 31 വോട്ടുകള്‍ പി.മോഹന്‍രാജിനും ലഭിച്ചു. 45 അസാധു വോട്ടുകളും ഇതില്‍പെടും.
മോഹന്‍രാജിന് ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ പോസ്റ്റല്‍ വോട്ടുകളാണ് അസാധുവായത്. ജോമോന്‍ ജോസഫ് സ്രാമ്പിക്കലിന് മൂന്ന് പോസ്റ്റല്‍ വോട്ട് ലഭിച്ചപ്പോള്‍ ശിവാനന്ദന് ഒരു വോട്ട് പോലും ലഭിച്ചില്ല.
പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ അഞ്ച് ടേബിളുകളിലായി ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ (ഇടിപിബിഎസ്), ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് വോട്ടെണ്ണെല്‍ നടന്നത്.
വോട്ടെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലേയും ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടര്‍മാരുള്ള മണ്ഡലമായിരുന്നു കോന്നി. 1018 സര്‍വീസ് വോട്ടര്‍മാരും, 44 പോസ്റ്റല്‍ വോട്ടുമാണ് ഇവിടെ ആകെയുണ്ടായിരുന്നത്.