കോഴിക്കോട്: ഭിന്നശേഷിക്കാരായ ബാസിത്തും മുഹമ്മദ് ജാസിലും ഇനി എബിലിറ്റി കഫേ നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്തില്‍ നടന്ന ജില്ലാ കലക്ടറുടെ ഒപ്പം അദാലത്തില്‍ തങ്ങളുടെ ഉമ്മമാരോടൊപ്പം എത്തിയതായിരുന്നു രണ്ടുപേരും.

ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ഒരു ജോലി വേണമെന്നതായിരുന്നു ആവശ്യം. ഇരുവരുടെയും കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട കലക്ടര്‍ സാംബശിവറാവു ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ എബിലിറ്റി കഫേ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു.

21 വയസുള്ള അരിക്കുളം കൊളോറത്ത് വീട്ടില്‍ മുഹമ്മദ് ജാസില്‍ പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട്. പത്രവിതരണം നടത്തിയാണ് ജാസില്‍ തന്റെ കുടുംബത്തെ സഹായിക്കുന്നത്. അരിക്കുളം മാനന്തേരി റാബിയയുടെ മകനായ പത്തൊമ്പത്കാരന്‍ ബാസിത്ത് 10ാം ക്ലാസ് വരെയും പഠിച്ചു.

ബാസിത്തിന്റെ ഉപ്പയും അനിയന്‍ സാബിത്തും ഭിന്നശേഷിക്കാരനാണ്. ബാസിത്തും സാബിത്തും മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകാതെ സ്വന്തംകാലില്‍ കഴിയാനുള്ള ത്രാണിയുണ്ടാകണമെന്ന ഉമ്മ റാബിയയുടെ ആഗ്രഹത്തിന് വഴിത്തെളിഞ്ഞിരിക്കുകയാണ് ഒപ്പം അദാലത്തിലൂടെ. ഇത്തരത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച 53 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

പന്തലായനി ബിആര്‍സിയില്‍ നിന്ന് ലഭിച്ചിരുന്ന ഫിസിയോ തെറാപ്പി രണ്ടു മാസമായി മുടങ്ങിയതിന്റെ പരാതിയുമായാണ് കാരയാട് ഈനാരിമീത്തല്‍ ശരണ്യ ഭിന്നശേഷിക്കാരനായ ഒമ്പത് വയസുകാരനായ മകനെയും കൊണ്ട് വന്നത്. സ്ഥിരമായി ചികിത്സക്ക് കൊണ്ടുപോകാന്‍ വീട്ടിലേക്കുള്ള ഇടവഴിയും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. മത്സ്യ ബന്ധനത്തിനിടെ മീന്‍മുള്ള് തട്ടി ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായിട്ടും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു പയ്യോളിയിലെ മത്സ്യത്തൊഴിലാളി ഹരിദാസന്റെ പരാതി. അരിക്കുളം പഞ്ചായത്തില്‍ ഉള്‍പ്പെട്ട പരാതി അല്ലാതിരുന്നിട്ടും പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു.

വെളിയന്നൂര്‍ചല്ലിയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൃഷിയിറക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് ഒറവിങ്കല്‍താഴെ-തെക്കേടത്ത്താഴ പാടശേഖരസമിതി ഭാരവാഹികള്‍ അദാലത്തിനെത്തിയത്. വലിയ ഭൂവിസ്തൃതിയുള്ള ഇവിടത്തെ ഭൂമി പല ഉടമകളുടെ പേരിലാണ്. എന്നാല്‍ പല ഭൂവുടമകളും നികുതി അടക്കുന്നില്ല. കൃത്യമായ അതിരുകളുമില്ല. ഭൂവുടമകളെ കണ്ടെത്താന്‍ നോട്ടീസ് ഇറക്കാമെന്നും ആളില്ലാത്ത ഭൂമി സര്‍ക്കാറിലേക്ക്ഏറ്റെടുക്കുന്നതക്കമുള്ള നടപടി സ്വീകരിക്കാമെന്നും കലക്ടര്‍ പറഞ്ഞു. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തവണ ഇവിടെ കൃഷിയിറക്കിയിരുന്നു. അദാലത്തിന് ശേഷം കലക്ടര്‍ ഈ പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു.

കൈക്കനാലിനോട് ചേര്‍ന്ന് സ്വകാര്യവ്യക്തി മതിലുകെട്ടുന്നത് സമീപത്തെ വീടുകളില്‍ വെള്ളം കയറുന്നതിനിടയാക്കുന്നുവെന്ന പരാതിയുമായാണ് ഊരള്ളൂര്‍ പരിസരവാസികള്‍ എത്തിയത്. സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ചിലര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയാണ് ശ്രീ വാസുദേവ ആശ്രമം സ്‌കൂളിലെ അധ്യാപകര്‍ ഉന്നയിച്ചത്. കൂടാതെ റേഷന്‍ കാര്‍ഡ്, ലൈഫ് പദ്ധതി, ഡാറ്റാ ബാങ്ക് സംബന്ധമായ പരാതി, തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം ലഭിക്കാത്തത് തുടങ്ങി വിവിധ പരാതികള്‍ പരിഗണിച്ചു.

ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയും പരിഗണിച്ചു. 38 അപേക്ഷകളാണ് പരിഗണിച്ചത്. ഇത്രയും പേര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാധ, വൈസ് പ്രസിഡന്റ് വി എം ഉണ്ണി, പഞ്ചായത്ത് സെക്രട്ടറി ജെ ഷാജി, നാഷണല്‍ ട്രസ്റ്റ് സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും ജില്ലാതല സമിതി കണ്‍വീനറുമായ പി സിക്കന്തര്‍, ജില്ലാതല കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, പി കെ എം സിറാജ്, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.