കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കനിവ് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം റോഡപകടത്തില്‍ പെട്ടവര്‍ക്ക് അനുഗ്രഹമാണെന്ന് ഉദ്ഘാടനചടങ്ങില്‍ മന്ത്രി പറഞ്ഞു.
വര്‍ഷത്തില്‍ അയ്യായിരത്തിനടുത്ത് റോഡപകട മരണങ്ങളാണ് കേരളത്തിലുണ്ടാവുന്നത്. അപകടസ്ഥലത്ത് നിന്ന് തക്ക സമയത്ത് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതും ശാസ്ത്രീയമായ രീതിയിലൂടെ അല്ലാതെ രോഗിയെ വണ്ടിയിലേക്ക് കയറ്റി ആശുപത്രിയിലെത്തിക്കുന്നതുമാണ് പലപ്പോഴും മരണത്തിലേക്കെത്തുന്നത്.
അപകടം ഉണ്ടായ സ്ഥലത്ത് നിന്നും രോഗിയെ വിദഗ്ധമായി ആശുപത്രികളില്‍ എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സ് സര്‍വ്വീസിനാകും. 315 ആംബുലന്‍സുകളാണ് നിലവിലുള്ളത്. ഇതില്‍ കോഴിക്കോട് ജില്ലക്ക് 16 ആംബുലന്‍സ് ഉണ്ട്.
പ്രാഥമിക ലൈഫ് സപ്പോര്‍ട്ടാടുകൂടിയ ഈ ആംബുലന്‍സില്‍ പരിശീലനം ലഭിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നിഷ്യനും ആംബുലന്‍സ് പൈലറ്റും ഉണ്ടാകും. ഇവര്‍ 15 മിനിറ്റിനുള്ളില്‍ അപകടസ്ഥലത്ത് എത്തി രോഗിക്ക് വേണ്ട പ്രാഥമിക ചികിത്സ നല്‍കി ഉടനടി ആശുപത്രിയില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ക്യാന്‍സറിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് നാം. ക്യാന്‍സര്‍ തുടക്കത്തിലേ കണ്ടു പിടിച്ച് ഉടനെ ചികിത്സ തുടങ്ങുന്നതിനായുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.