കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടർ വിദ്യാഭ്യാസ സാക്ഷരതാ കലോത്സവം ‘അക്ഷരതാള’ത്തിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളി ഉദ്ഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളാൽ വിദ്യാഭ്യാസം തുടരാൻ കഴിയാത്തവർക്കായി സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങളിലുള്ള പഠിതാക്കളുടെ സർഗ്ഗശേഷി മാറ്റുരയ്ക്കുവാനുള്ള അവസരമാണ് കലോത്സവം നൽകുക.

17 മുതൽ 87 വയസ് വരെയുള്ള 130 ഓളം തുല്യതാ പഠിതാക്കൾ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. നാല് മുതൽ ഏഴാം ക്ലാസ് വരെ, പത്ത് മുതൽ പ്ലസ് ടു വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് തന്നെയാണ് മത്സരവേദി. വേദി ഒന്നിൽ കലാമത്സരങ്ങളും വേദി രണ്ടിൽ രചനാ സാഹിത്യ മത്സരങ്ങളും നടക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരൻ, ക്ഷേകകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി എം.എ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി രാജീവ്, സൈജൻ, സീതാ ലക്ഷ്മി, സൈബ സജീവ്, ഗീത സന്തോഷ്, ഹരി കണ്ടംമുറി, ഗ്രാമപഞ്ചായത്ത് അംഗം ജോബി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ശ്രീദേവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ, വനിതാ ക്ഷേമ ഓഫീസർ പ്രിയ പി.പി, പ്രേരക്മാരായ കെ.ബി ബിന്ദു, മിനി വി തുടങ്ങിയവർ പങ്കെടുത്തു.