തീരപ്രദേശത്തു നിന്ന് 50 മീറ്റർ പരിധിയിൽ വരുന്ന കുടുംബങ്ങളെ പൂർണമായി പുനരധിവസിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1398 കോടി രൂപ ഭവന നിർമ്മാണത്തിനായി അനുവദിച്ചതായി ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടി അമ്മ. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുനരധിവസിപ്പിക്കുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം സർക്കാർ ധനസഹായമായി നൽകും. ഡിസംബറിനകം മാറി താമസിക്കുന്ന മുഴുവൻ പേർക്കും സ്ഥലം കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ജില്ലയിൽ 558 കുടുംബങ്ങൾ മാറിതാമസിക്കാൻ ഇതിനകം സമ്മതം അറിയിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ ബാക്കിയുള്ള പ്രവർത്തികളെല്ലാം സർക്കാർ അധികാരത്തിലെത്തിയ ശേഷം പൂർത്തീകരിച്ചു. ഇതിലൂടെ മൂന്നര വർഷം കൊണ്ട് ഏഴ് വർഷത്തെ പ്രവർത്തനം പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചു.
കൊയിലാണ്ടി മണ്ഡലത്തിൽ മൂന്നുവർഷത്തിനിടെ 27 തീരദേശ റോഡുകളാണ് പൂർത്തീകരിച്ചത്. ഹാർബർ നിർമ്മാണമേഖലയിൽ 130 കോടിയോളം രൂപയുടെ പ്രവർത്തനം പൂർത്തീകരിക്കാനും സർക്കാരിന് സാധിച്ചു. സംസ്ഥാനത്തെ തീരദേശത്തെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയായി.
മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് 3.75 കോടി രൂപ ചെലവില്‍ പുതിയ അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 1532 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കില്‍ ഒന്‍പത് ക്ലാസ്സ് മുറികള്‍, ഏഴ് ലാബുകള്‍, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ, വൈസ് ചെയർപേഴ്സൺ വി കെ പത്മിനി, സ്ഥിരം സമിതി അംഗങ്ങളായ കെ ഷിജു, ദിവ്യ ശെൽവരാജ്, കൗൺസിലർമാരായ വി.പി ഇബ്രാഹിംകുട്ടി, കെ.ടി.വി റഹ്മത്ത്, വി.കെ കനക, സി.കെ സലീന, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ ഗോകുലകൃഷ്ണൻ, തീരദേശ വികസന കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ ബി.ടി.വി കൃഷ്ണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ മുരളി, വിഎച്ച്എസ്ഇ വടകര മേഖല അസി. ഡയറക്ടർ സെൽവ മണി, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇ.കെ ഷൈനി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഇൻ ചാർജ് പി.പി യൂനസ്, ഹെഡ്മിസ്ട്രസ് കെ.കെ ചന്ദ്രമതി, പിടിഎ പ്രസിഡണ്ട് യു.കെ രാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തീകരിച്ച അസി. എൻഞ്ചിനീയർ എസ്.എസ് വിഷ്ണു, കോൺട്രാക്ടർ ടി ഉണ്ണികൃഷ്ണൻ, ഓവർസിയർ ഷാനിമോൾ എന്നിവരെ മന്ത്രി ആദരിച്ചു.