ആഫ്റ്റര്‍ കെയര്‍ഹോമിലും വൃദ്ധസദനത്തിലും കേരള ഗവര്‍ണറുടെ അപ്രതീക്ഷിത സന്ദര്‍ശനം. പ്രോട്ടോകോളുകള്‍ എല്ലാം മാറ്റിവച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം കൈകള്‍കൊണ്ട് ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ഹോമിലെ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും ദീപാവലി മിഠായികള്‍ വിതരണം ചെയ്തു.

സംസ്ഥാന ഭരണാധിപനാണ് തങ്ങളുടെ മുന്നില്‍ ഇത്ര സൗമ്യനായി നല്‍ക്കുന്നതെന്ന് വിശ്വസിക്കാന്‍ കുട്ടികള്‍ക്കായില്ല. പിതൃതുല്യമായ സ്‌നേഹാഭിവാദ്യങ്ങള്‍ നല്‍കി എല്ലാവരുടെയും ക്ഷേമം അന്വേഷിച്ചതിന് ശേഷം മാത്രമാണ് ഗവര്‍ണര്‍ ഇരിപ്പിടത്തിലേക്ക് പോയത്. മാതു എന്ന കൊച്ചു മിടുക്കി ഗവര്‍ണര്‍ക്കായി നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കിയപ്പോള്‍ വിജയലക്ഷ്മി മനോഹരമായ നൃത്തം അവതരിപ്പിച്ചു.

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടുന്നവര്‍ സമൂഹത്തില്‍ എല്ലാതുറകളിലും ശോഭിക്കുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്താന്‍  സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാന്‍ ഏറെ കഴിവുള്ളവര്‍ പെണ്‍കുട്ടികളാണെന്നും വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികള്‍ ഉയരങ്ങള്‍ കീഴടക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് വൃദ്ധസദനത്തില്‍ എത്തിയ ഗവര്‍ണര്‍ അന്തേവാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേരുകയും മിഠായികള്‍ വിതരണം ചെയ്യുകയും ചെയ്തു. അവരുടെ ഒപ്പമിരുന്ന് സദ്യഉണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

എം മുകേഷ് എം എല്‍ എ, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സബ് കലക്ടര്‍ അനുപം മിശ്ര, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ്, അംഗം കെ സത്യന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുധീര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എസ് ഗീതാകുമാരി, ഐസ് സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ റിജു റെയ്ച്ചല്‍ തോമസ്, സൂപ്രണ്ട്മാരായ ശ്രീദേവി, എം സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.