അപരനില്‍ കരുതലേകുന്ന മാനുഷികമൂല്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ കലാ-സാഹിത്യ പഠനം അനിവാര്യമാണെന്ന് കവി പ്രഭാവര്‍മ. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലബാലവേദി പ്രതിഭകളുടെ സര്‍ഗോത്സവം കൊല്ലം ഗേള്‍സ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

അനുദിനം വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുമായി ശാസ്ത്രം നമ്മെ അത്ഭുതപ്പെടുത്തുമ്പോഴും മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ഥതയിലേക്ക് ഉള്‍വലിയുന്നു. വീടെന്ന കൊച്ചുപെട്ടിയില്‍ നിന്നും സ്‌കൂള്‍ബസും ക്ലാസ് മുറിയും എന്ന ചെറുപെട്ടികളിലേക്ക് മാറിമാറി സഞ്ചരിക്കാന്‍ മാത്രം വിധിക്കപ്പെട്ട വിദ്യാര്‍ഥികളിലാണ് മാനവിക മൂല്യങ്ങള്‍ അന്യമാവുന്നത്.

അക്കാദമിക വിജയം നേടുകയും ഉന്നത ജോലികരസ്ഥമാക്കുകയും ചെയ്യുമെങ്കിലും ഇവര്‍ സമൂഹ്യഅവബോധം ഇല്ലാത്തവരായി വളരുന്നു. വിദ്യാര്‍ഥികളെ  പ്രകൃതിയോട് ഇണങ്ങിജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ അവരില്‍ മാനുഷികമൂല്യങ്ങള്‍ വളരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള, ജില്ലാ പ്രസിഡന്റ് ഡോ പി കെ ഗോപന്‍, ജില്ലാ സെക്രട്ടറി ഡി സുകേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.