ലോക കേരള സഭയിലെ ഒരംഗത്തെ പ്രസംഗിക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ക്ഷണിച്ചപ്പോൾ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്. സദസ് ഒന്നടങ്കം പോഡിയത്തിലേക്ക് കണ്ണുനട്ടു. കൂപ്പുകൈകളുമായി മൈക്കിനു മുന്നിലേക്ക് ആടുജീവിതത്തിലെ നജീബ് എത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്കായി സഭ കാതുകൂർപ്പിച്ചു.ഏതാനും മിനിറ്റുകൾ നീണ്ട ഈ സഭയിലെ ഏറ്റും ഹ്രസ്വമായ പ്രസംഗം.പക്ഷേ ഈ സഭയിൽ ഏറ്റവും കൂടുതൽ കയ്യടി ലഭിച്ചതും ആ പ്രസംഗത്തിനുതന്നെ. ലോക കേരളസഭയിൽ തന്നെപ്പോലെ ഒരാൾക്ക് അംഗമാകാൻ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങൾക്ക് നൽകുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണ് എന്ന് നജീബ് പറഞ്ഞപ്പോൾ ഉയർന്ന നിലയ്ക്കാത്ത കയ്യടി ഈ സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായി. ഇറാക്കിലെ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ നേഴ്‌സ് മറീന സഭയിൽ സംസാരിച്ചപ്പോഴും അംഗങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു. നേഴ്‌സുമാർ തൊഴിലിടങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ വിവരിച്ച അവർ ഇതിനുപരിഹാരം തേടാൻ സഭയുടെ പിന്തുണ അഭ്യർത്ഥിച്ചു. വിദേശ രാജ്യങ്ങളിലെ ഏംബസി ഉദ്യോഗസ്ഥർ അറുമാസം കൂടുമ്പോഴെങ്കിലും നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ സമയം കണ്ടെത്തണം എന്നും മെറീന പറഞ്ഞു. കേരളത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷൻ ആക്കി ടൂറിസത്തിന്റെ ഭാഗമാക്കണം, സഭയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടണം, മുംബെ യൂണിവേഴ്‌സിറ്റിയിൽ മലയാളം ചെയർ തുടങ്ങണം, പ്രവാസികളുടെ പുനരധിവാസ പദ്ധതികളോട് മുഖം തിരിക്കുന്ന ബാങ്കുകളുടെ പ്രവണത തടയണം തുടങ്ങിയ വിവിധ വിഷയങ്ങളും സഭയിൽ ഉന്നയിക്കപ്പെട്ടു.