കൊച്ചി: പ്രളയബാധിതരായ ചേന്ദമംഗലം പഞ്ചായത്തിലെ കർഷരെ സഹായിക്കുന്നതിനായി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പരിവർത്തൻ പദ്ധതിയുടെ സഹായത്തോടെ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നടപ്പാക്കുന്ന വിവിധ സഹായ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമഗ്ര ഗ്രാമവികസന പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.ജി അനൂപ് നിർവ്വഹിച്ചു.

സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി 80 ക്ഷീരകർഷകർക്ക് പശുക്കൾക്ക് തീറ്റ കൊടുക്കുന്നതിനുള്ള പാത്രങ്ങളും, മുപ്പതോളം വരുന്ന ചീനവലയിലൂടെ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് മത്സ്യക്കൂടും വിതരണം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ, പഞ്ചായത്ത് അംഗങ്ങളായ ഷിബു ചേരമാൻതുരുത്തി, രാജു ടി.എസ്, സംഗീത രാജു, പി.എ രാജേഷ്, ബിൻസി സോളമൻ, എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ പ്രതിനിധികളായ എം.എസ് ഷാജൻ മുട്ടൻതോട്ടിൽ, വി.പി ഡിസ്റ്റൺ എന്നിവർ സംബന്ധിച്ചു.