മണ്ണൂർ- ചാലിയം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ദേശീയപാത നാലുവരി ആക്കി വികസിപ്പിക്കുന്ന കാര്യത്തിൽ തികച്ചും അവസരവാദപരവും ദേശീയ താൽപര്യത്തിന് വിരുദ്ധവുമായ രീതിയിലാണ് ദേശീയപാത അതോറിറ്റി പ്രവർത്തിക്കുന്നതെന്ന്
പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 48.55 കോടി ചെലവിൽ നവീകരിക്കുന്ന മണ്ണൂർ- ചാലിയം റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിരന്തരമായി ഇടപെട്ടതിന്റെ ഫലമായി 36 മാസങ്ങൾക്ക് ശേഷമാണ് ദേശീയപാത വികസനത്തിന് കേന്ദ്രം കരാര്‍ നൽകിയത്. 44000 കോടി രൂപ  ചെലവ് വരുന്ന പദ്ധതിയിൽ നിർമ്മാണ പ്രവൃത്തിയുടെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്ന് ചരിത്രത്തിലാദ്യമായി കേന്ദ്രസർക്കാർ വ്യവസ്ഥ വെച്ചു.

ഇതുമൂലം 6000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ദേശീയപാതയുടെ വികസനത്തിനു വേണ്ടി ചെലവഴിക്കുന്നത്. എന്നിട്ടും ഇപ്പോൾ പദ്ധതിയുടെ ടെൻഡർ നടപടികൾ വൈകിപ്പിക്കുന്നതിനുള്ള നീക്കമാണ് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കേരളത്തിൽ ഏറ്റവും വലിയ ഗതാഗത സംവിധാനം കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മരാമത്ത് ജോലികൾ ഏറ്റെടുത്ത് മരാമത്ത് വകുപ്പിന്റെ നിറം കെടുത്തുന്ന കരാറുകാർക്കും കമ്പനികൾക്കും മാതൃകയാണ് ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി എന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ തൊഴിൽ – എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ മുഖ്യാതിഥിയായി. വി. കെ. സി മമ്മദ് കോയ എംഎൽഎ അധ്യക്ഷത വഹിച്ചു. ബേപ്പൂർ നിയോജകമണ്ഡലത്തിലെ ടൂറിസം, വ്യവസായ മേഖലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയാണ് മണ്ണൂർ ചാലിയം റോഡ്. മണ്ണൂരിൽ നിന്ന് തുടങ്ങി കടലുണ്ടിയിലൂടെ ചാലിയം ഫെറി വരെ എത്തുന്ന 7 കിലോമീറ്റർ നീളമുള്ള റോഡ് ആണ് ഈ പദ്ധതിയിലൂടെ വികസിപ്പിക്കുന്നത്.

ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത ജോലി 18 മാസം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി. 7 മീറ്റർ ക്യാരേജ് വേ, ഇരുവശത്തും ഒരു മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡർ, ഒന്നര മീറ്റർ വീതിയിൽ നടപ്പാത,  പ്രധാനപ്പെട്ട സ്ഥലങ്ങളിലും ജംഗ്ഷനുകളിലും കൈവരികൾ തുടങ്ങിയവ പ്രവൃത്തിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.  തെരുവുവിളക്കുകൾ മോഡുലർ ബസ് സ്റ്റോപ്പുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.

ചടങ്ങില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അജയകുമാർ, വൈസ് പ്രസിഡന്റ് നിഷ എം, ജില്ലാ പഞ്ചായത്ത് അംഗം ഭാനുമതി,  മറ്റ് ജനപ്രതിനിധികളായ രമേശൻ സി, സിന്ധു പ്രദീപ്, പിലിക്കാട്ട് ഷണ്മുഖൻ, ദിനേശ് ബാബു, ജിജിത്ത് കെ, ശൈലജ ടീച്ചർ, ബിച്ചിക്കോയ, സബൂന, സതീദേവി ടീച്ചർ, വിനീഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ബീന എല്‍, എക്സിക്യൂവ് എഞ്ചിനീയര്‍ സിന്ധു ആര്‍, അസി. എന്‍ജിനീയര്‍ വിനു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.