കണ്ണൂർ: പയ്യന്നൂരിലെ പഴയ പോലീസ് സ്റ്റേഷനില്‍ ആരംഭിക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയത്തിന്റെ ഭാഗമായി പയ്യന്നൂരിലും പരിസരങ്ങളിലുമായി നടന്ന സര്‍വേയില്‍ ഇരുന്നൂറോളം പുരാവസ്തുക്കള്‍ ശേഖരിച്ചു.
ഒളിവിലായിരുന്ന കാലത്ത് പി കൃഷ്ണപ്പിള്ള ശയിച്ചിരുന്ന പത്തായം, ചീനഭരണികള്‍ വിവിധ കാര്‍ഷികോപകരണങ്ങള്‍, ബ്രിട്ടീഷുകാര്‍ വെള്ളം കൊണ്ടുപോകാനുപയോഗിച്ചിരുന്ന പാത്രങ്ങള്‍, താളിയോലകള്‍, ധാന്യങ്ങള്‍ പൊടിക്കാനുപയോഗിച്ചിരുന്ന തിരി കല്ല്, കരിങ്കല്‍ പാത്തി, അടക്കാക്കത്തി, ഭസ്മക്കൊട്ട, അളവ് ഉപകരണങ്ങള്‍, തുലാസ്, മണ്‍കിണ്ടി വെറ്റിലച്ചെല്ലം, ഉരല്‍, ഉലക്ക, പുസ്തകത്തട്ട്, എഴുത്താണി, ക്വിറ്റിന്ത്യാ സമര സേനാനി സി വി കുഞ്ഞമ്പു സറാപ്പ് ഉപയോഗിച്ചിരുന്ന മേശപ്പെട്ടി, സ്വാതന്ത്ര്യ സമര സേനാനി ടി സി വി കുഞ്ഞിരാമ പൊതുവാളുടെ താമ്രപത്രം തുടങ്ങിയവയാണ് ശേഖരിച്ചത്.
അഞ്ച് ഗ്രൂപ്പുകളിലായി പതിനേഴ് വിദ്യാര്‍ത്ഥികള്‍ സര്‍വ്വെയില്‍ പങ്കെടുത്തു. കണ്ടമ്പത്ത് അപ്പാടെ തറവാട്ടിലെ വളരെ പഴക്കമുള്ള ഒമ്പതു താളിയോലകള്‍ അപ്പാടെ ദേവകി അമ്മയുടെ മകന്‍ അപ്പാടെ ദാമോദരന്‍ പുരാവസ്തു വിഭാഗത്തിന് കൈമാറി. പി ജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി ആര്‍ക്കിയോളജി റിസര്‍ച്ച് അസിസ്റ്റന്റ് കെ പി സദുവിന് കൈമാറി.
കേരള പുരാവസ്തു വകുപ്പും കേരളം മ്യൂസിയവും സംയുക്തമായാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. പയ്യന്നുര്‍ കുഞ്ഞിരാമന്‍, പി ജയന്‍, പി എം ബാലകൃഷ്ണന്‍, കെ യു നാരായണന്‍, സി വി ദയാനന്ദന്‍, പി ജയരാജന്‍ മാസ്റ്റര്‍, വി കെ കരുണാകരന്‍, രൂപിന്‍ ജോണ്‍ അബ്രഹാം, മാത്യു ജോര്‍ജ്, വിദ്യാര്‍ത്ഥികളായ നിര്‍മല്‍, വൈശാഖ്, അശ്വതി, സരിത, ശില്പ എന്നിവര്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു