കലയിലൂടെ സ്വന്തമായി വരുമാനം ആർജിച്ച് കുടുംബം പോറ്റാനാകുമെന്ന് ഭിന്നശേഷിക്കാരായ കുട്ടികൾ തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാർക്കായി ആരംഭിച്ച ഡിഫറന്റ് ആർട്ട് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരെ സംബന്ധിച്ച് ആർട്ട് തെറാപ്പി ഒഴിച്ചുകൂടാനാവാത്ത ഒന്നായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരെ മുഖ്യധാരയിൽ സജീവമാക്കാൻ ആർട്ട് തെറാപ്പിക്ക് സാധിക്കും. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹവുമായി നിരന്തരം ഇടപെടാൻ പ്രേരിപ്പിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും വേണം. വിശേഷാൽ കഴിവുള്ളവരാണ് തങ്ങളെന്ന ചിന്ത അവരെ മാറ്റിമറിക്കും.
ഡിഫറന്റ് ആർട്ട് സെന്ററിലെ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ലോകത്തുതന്നെ ആദ്യമായാണ് ഭിന്നശേഷി കുട്ടികൾക്കായി ഇത്തരമൊരു സംരംഭം ആരംഭിച്ചിരിക്കുന്നത്. സർക്കാരിനൊപ്പം നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഇതിന് സഹായം നൽകിയിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ച ഗോപിനാഥ് മുതുകാട് പ്രത്യേക പ്രശംസ അർഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മാന്ത്രിക കലാമേഖലയിൽ നൂതന സംരംഭങ്ങൾ കൊണ്ടുവരുന്നതിനൊപ്പം സമൂഹത്തിലെ ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രവർത്തിക്കാനും മാജിക് അക്കാഡമിക്ക് കഴിഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുടെ ഫലമായാണ് അത്തരം ഇടപെടലുകൾ ഉണ്ടായത്.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രവർത്തിച്ചതിനൊപ്പം വർഗീയ വിഘടനവാദത്തിനെതിരെ വിസ്മയ ഭാരത യാത്ര നടത്തി. ജനശ്രദ്ധ ആകർഷിക്കും വിധം ബോധവത്ക്കരണ യാത്രകൾ ശക്തമായി നടത്തേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാജിക് അക്കാഡമിയുടെ ഭിന്നശേഷി കുട്ടികൾക്കുള്ള സംരംഭവുമായി സഹകരിച്ച വിവിധ സ്ഥാനങ്ങളുടെ പ്രതിനിധികളെ മുഖ്യമന്ത്രി സ്‌നേഹ സമ്മാനം നൽകി ആദരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾ അനുയാത്ര പദ്ധതിയുടെ ഭാഗമായി നിയമസഭയിൽ മാജിക് അവതരിപ്പിച്ചത് കണ്ണീരണിയിക്കുന്ന അനുഭവമായിരുന്നുവെന്ന് ഡിഫറന്റ് തോട്ട് സെന്റർ ഉദ്ഘാടനം ചെയ്ത സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ഗോപിനാഥ് മുതുകാട് നടപ്പാക്കുന്നത് ഉദാത്തമായ ഒരു സംരംഭമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികളിലാണ് സാമൂഹ്യനീതി വകുപ്പെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. കാസർകോട് ജില്ലയിൽ സ്‌പെഷ്യൽ വില്ലേജ് സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു.
മാജിക് അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ബാബു ജോർജ്, ഐക്കോൺസ് റീജ്യണൽ ഡയറക്ടർ ഡോ. മേരി ഐപ്, കൗൺസിലർ ബിന്ദു എസ്, സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ സംബന്ധിച്ചു.