‘സര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം’. ഭിന്നശേഷിക്കാരിയായ 13 വയസുകാരി ഫാത്തിമ നിദയോടൊപ്പമെത്തി ഉമ്മ സാജിദ ഒപ്പം അദാലത്തില്‍ കലക്ടറോട് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. കട്ടിപ്പാറയിലെ സ്വകാര്യ ഭിന്നശേഷി വിദ്യാലയത്തിലാണ് ഫാത്തിമ നിദ ഇപ്പോള്‍ പഠിക്കുന്നത്.
രാവിലെ എട്ടരക്ക് വാഹനത്തില്‍ കയറിയാല്‍ 10 മണിയോടെയാണ് സ്‌കൂളിലെത്തുന്നത്. ഇത് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചെറിയ റോഡായതിനാല്‍ വീട്ടില്‍ നിന്ന് വാഹനം കയറുന്നിടത്തേക്ക് എത്തിക്കുന്നതിനും പ്രയാസമുണ്ട്. വീട്ടിലേക്കുള്ള ഈ വഴി വാഹനമെത്തുന്നതാക്കി തരാനുള്ള നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നത് ഗ്രാമപഞ്ചായത്തിനോട് സജീവമായി പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ച കലക്ടര്‍ സാംബശിവറാവു കുടുംബശ്രീ മിഷന്‍ വഴി ഫണ്ട് അനുവദിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാമെന്നും അറിയിച്ചു.
റേഷന്‍ കാര്‍ഡുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍, ലൈഫ് ഭവന പദ്ധതി, ചികിത്സാ സഹായങ്ങള്‍, കോളനി നവീകരണം, ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങള്‍ തുടങ്ങി നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒപ്പം അദാലത്തില്‍ പരിഗണനക്കെതിരായി എത്തിയത്. അദാലത്തില്‍ 163 പരാതികള്‍ പരിഗണിച്ചു.
50 ശതമാനം ഭിന്നശേഷിയുള്ള മകന് എന്തെങ്കിലും ജോലി ലഭിക്കാനുള്ള ആവശ്യവുമായെത്തിയ സുബൈദയും മകന്‍ ജുനൈദും മടങ്ങിയത് ഏറെ സന്തോഷത്തോടെയാണ്. ജുനൈദിനും മറ്റൊരു ഭിന്നശേഷിക്കാരനായ സലിമിനും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എബിലിറ്റി കഫേ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന കലക്ടറുടെ ഉറപ്പാണ് ഇവര്‍ക്ക് സന്തോഷം പകര്‍ന്നത്.
കണ്ടിയില്‍മീത്തല്‍ എസ് സി കൊളനിയിലേക്കുള്ള നടവഴി റോഡ് ആക്കി മാറ്റാണമെന്ന ആവശ്യവുമായാണ് പൊതുപ്രവര്‍ത്തകനായ ബിജു പന്നൂര്‍ എത്തിയത്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് നിര്‍ദ്ദേശിച്ചു.
സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന ആവശ്യവുമായാണ് ഓലഷെഡില്‍ താമസിക്കുന്ന കാരക്കോത്ത് അബ്ദുല്‍ഖാദറിന്റെ ഭാര്യ ജമീല അദാലത്തിനെത്തിയത്.
ഇവര്‍ക്ക് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ പഞ്ചായത്ത് അധികൃതരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു. 17 വയസുള്ള, 45 ശതമാനം ഭിന്നശേഷിക്കാരിയായ മകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശുചിമുറി നിര്‍മ്മിക്കാന്‍ സഹായിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് അമ്മ ചപ്പങ്ങയുള്ളകുഴിയില്‍ ബബിതാബായ്ക്ക് ഉറപ്പു നല്‍കി.
നാല് സെന്റ് ഭൂമിക്ക് പട്ടയത്തിനായി എത്തിയ നെല്ലിക്കോത്ത് ഭാസ്‌ക്കരന്‍, കിഡ്‌നി രോഗിയായ ഭാര്യക്ക് സഹായത്തിനായി എത്തിയ ശ്രീധരന്‍, രണ്ടു ഭിന്നശേഷിക്കാരായ കുട്ടികളടക്കമുള്ള കുടുംബം താമസിക്കുന്ന വീടിന്റെ അറ്റകുറ്റപണിക്ക് സഹായമഭ്യര്‍ഥിച്ച് എത്തിയ സി കെ സതീഷ്‌കുമാര്‍ ഇങ്ങനെ വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട പരാതികളുമായെത്തിയവര്‍ ഏറെ ആശ്വാസത്തിലാണ് അദാലത്തില്‍ നിന്ന് മടങ്ങിയത്.
ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയും പരിഗണിച്ചു. 95 അപേക്ഷകളാണ് പരിഗണിച്ചത്. ഇത്രയും പേര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസൈന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് യു പി നഫീസ, ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, താമരശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി കെ സുമേഷ്, നാഷണല്‍ ട്രസ്റ്റ് സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും  ജില്ലാതല സമിതി കണ്‍വീനറുമായ പി സിക്കന്തര്‍, ജില്ലാതല കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.