ന്യൂഡല്‍ഹി: വിപുലമായ പരിപാടികളോടെ കേരള ഹൗസില്‍ നടന്ന കേരളപ്പിറവിയുടെ 63-ാം വാര്‍ഷികാഘോഷം സമാപിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി കലാപരിപാടികളും വിവിധ കലാമത്സരങ്ങളും മലയാള ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
ഡല്‍ഹിയിലെ വിവിധ മലയാളി സാംസ്‌കാരിക സംഘടനകള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ശിങ്കാരി മേളം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, തിരുവാതിര, നാടോടി നൃത്തം, നാടന്‍ പാട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ഗാനമേള,നൃത്തനൃത്യങ്ങള്‍, കളരിപ്പയറ്റ്, നാടകം, തെയ്യം, ഓട്ടന്‍ തുള്ളല്‍, ഒപ്പന തുടങ്ങിയ കലാപരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചലച്ചിത്രോത്സവവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടന്നു.
അഞ്ചുദിവസങ്ങളിലായി കലാപരിപാടികള്‍ക്കുശേഷം ജനപ്രിയ സിനിമകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഔദ്യോഗിക ഭാഷാവാരത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങളും നടന്നു. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍. കേരള ഹൗസ്, മലയാളം മിഷന്‍, ഡല്‍ഹിയിലെ മലയാളി സാംസ്‌കാരിക സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.