കൊല്ലം: ചെറിയൊരു കാറ്റും മഴയും വരുമ്പോള്‍  പോലും ഇട്ടിവ പഞ്ചായത്തിലെ തുടയന്നൂര്‍ വട്ടപ്പാട് മുതിരവിള  വീട്ടില്‍ ആനിയുടെ  മനസില്‍ തീയായിരുന്നു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ. തുണിയും ഷീറ്റും കൊണ്ട് മറച്ച കുടിലിനുള്ളില്‍  സ്വന്തം ശരീരം ഒന്ന് അനക്കാനോ കരയാനോ ജന്മനാല്‍ സാധിക്കാത്ത ആനിയുടെ മകള്‍ ഡെന്‍സി മണ്ണില്‍ വെറും പായയില്‍ കിടക്കുകയായിരുന്നു ഇതുവരെ.

എന്നാല്‍ കാറ്റത്തോ മഴയത്തോ ആനി എന്ന അമ്മയ്ക്ക് പേടിക്കേണ്ട.  ആനിയും കുടുംബവും ഇന്ന് താമസിക്കുന്നത്  അടച്ചുറപ്പുള്ള കോണ്‍ക്രീറ്റ് വീട്ടിലാണ്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിര്‍മിച്ച വീട്ടില്‍  16 വയസുള്ള മകള്‍  സുരക്ഷിതയാണിപ്പോള്‍.

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ  ഭര്‍ത്താവ് ജോസിന്റെ ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. ദൈനംദിന കാര്യങ്ങള്‍ പോലും തനിച്ചു ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആനിക്ക് മകളെ വിട്ടു ജോലിക്ക് പോകാനും വയ്യ. പൊളിഞ്ഞു വീഴാറായ ഒറ്റ മുറി കുടിലീലാണ് അഞ്ചു പേരും കഴിഞ്ഞിരുന്നത്.
മകളെ കൂടാതെ ഒരു മകനും  ഹൃദ്രോഗിയായ  അമ്മ തങ്കമ്മയും  ചേര്‍ന്നതാണ്  ആനിയുടെ  കുടുംബം.

ഏഴു സെന്റ് ഭൂമി സ്വന്തമായി ഉണ്ടെങ്കിലും  ദൈനംദിന ചെലവിനും  മകളുടെ ചികത്സയ്ക്കും മരുന്നിനും തുക കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന ഈ കുടുംബത്തിന്  വൃത്തിയും വെടിപ്പും ഉള്ള വീട് സ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്നു. ഈ ഘട്ടത്തിലാണ്  സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി ഇവര്‍ക്ക് താങ്ങായത്.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷം വീട് നിര്‍മിക്കാനുള്ള തുക  അനുവദിച്ചു.  നാല് ലക്ഷം രൂപയും തൊഴിലുറപ്പ്  പദ്ധതിയുടെ  ആനുകൂല്യമായ 25000 രൂപയും  ഇവര്‍ക്ക് ലഭിച്ചു.   വീടു നിര്‍മാണത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും മണ്ണൂര്‍ ശാലോം മാര്‍ത്തോമ പള്ളി അധികൃതരും സഹായത്തിനെത്തി.

രണ്ടു കിടപ്പുമുറിയും  ഹാളും  അടുക്കളയും   സിറ്റൗട്ടും ചേര്‍ന്ന  മനോഹരമായ വീട് പൂര്‍ത്തിയായി. മകളുടെ ആവശ്യം കണക്കിലെടുത്ത്  ശുചിമുറിയും അകത്തുതന്നെ സജ്ജീകരിച്ചിട്ടുണ്ട്. തറയില്‍ ടൈലും പാകി. മകളെ തനിച്ചാക്കി കിണറില്‍ നിന്ന് വെള്ളം കോരി കൊണ്ടുവരാന്‍ ആനി ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിനു പരിഹാരമായി പൈപ്പ് ലൈന്‍ സംവിധാനവും ഒരുക്കി.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ  ചികിത്സയിലാണ് ഡെന്‍സി.   രണ്ടു കാലിന്റെയും  കുഴതെറ്റി കമ്പിയിട്ട അവസ്ഥയിലാണ് ഇപ്പോള്‍.  ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെങ്കിലും മണ്ണും ചെളിയും പുരളാതെ മകള്‍ക്ക്  കിടക്കാമല്ലോ എന്ന ആശ്വാസത്തിലാണ് ഈ കുടുംബം.