കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇ- ഉന്നതി ഫൗണ്ടേഷൻ ഹരിത കേരളം മിഷനുമായി സഹകരിച്ച് കാലാവസ്‌ഥാ വ്യതിയാനത്തിന് കാരണമാകുന്ന ആഗോള താപന പ്രതിഭാസത്തെ ചെറുക്കുന്നതിനായി നവംബർ 14 ന് എറണാകുളം ജില്ലയിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു.
‘മൈത്രി-മൈ ട്രീ ചലഞ്ച്’ എന്ന പരിപാടിയിലൂടെ പ്രാദേശിക ജൈവ വൈവിധ്യത്തെ സംരക്ഷിക്കാൻ പച്ചത്തുരുത്തുകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. മൈത്രി- മൈട്രീ ചലഞ്ചിന്റെ ഭാഗമായി പച്ചത്തുരുത്തുകൾ ഒരുക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ, ദേവാലയങ്ങൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർക്ക് ഇ- ഉന്നതി ഓഫീസുമായോ ഹരിത കേരളം മിഷൻ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

പരിപാടിയോടനുബന്ധിച്ച്
‘ഡൊണേറ്റ് എ സാപ്ളിംഗ്’ എന്ന പേരിൽ നവംബർ 10 ഞായറാഴ്ച വൃക്ഷത്തൈ ശേഖരിക്കൽ പ്രചരണം സംഘടിപ്പിച്ചിട്ടുണ്ട്. താൽപര്യമുളള ആർക്കും ഇതിൽ പങ്കാളികളാകാവുന്നതാണ്. ഞായറാഴ്‌ച രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ കടവന്ത്ര ജി.സി.ഡി.എ ഷോപ്പിംഗ് കോംപ്ലക്സിൽ എത്തി ആർക്കും വൃക്ഷത്തൈകൾ സംഭാവന ചെയ്യാവുന്നതാണ്.

ദന്തപ്പാല, അശോകം, ആര്യ വെപ്പ്, കൂവളം, കണിക്കൊന്ന, കറിവേപ്പ്, നെല്ലി, മാതളം, മാവ്, ഇരുമ്പൻ പുളി, പേര, ചാമ്പ, ഞാവൽ, കടുക്ക, താന്നിക്ക, അത്തി, ജാതി, സീതപ്പഴം, മന്ദാരം, അമ്പഴം തുടങ്ങിയ വൃക്ഷങ്ങളുടെയും ബ്രഹ്മി, കയ്യോന്നി, കൊടങ്ങൽ, കീഴാർ നെല്ലി, ആടലോടകം, കറ്റാർവാഴ, ചെറൂള, സർപ്പഗന്ധി, ആവണക്ക്, തുളസി, തഴുതാമ, മഞ്ഞൾ, നറുനീണ്ടി, മഞ്ഞൾ, കച്ചോലം, നീലയമരി, കച്ചോലം, കാട്ടു തിപ്പലി, കൊടുവേലി, കുറുന്തോട്ടി, ഇഞ്ചി, എരുക്ക്, ശതാവരി, ശംഖുപുഷ്പം, പനിക്കൂർക്ക, മൈലാഞ്ചി തുടങ്ങിയ ഔഷധ സസ്യങ്ങളുടെയും തൈകളാണ് സ്വീകരിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9946699000.