കാക്കനാട്: ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ തയ്യാറാക്കുന്ന സംസ്ഥാനത്തെ ആദ്യ മാതൃകാ ഭവനം എറണാകുളം സിവില്‍ സ്റ്റേഷനില്‍ ഉയരും. ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു. വി ജോസ് സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
പ്രകൃതി സൗഹൃദ നിര്‍മ്മാണ രീതിയായ പ്രീ ഫാബ്രിക്കേഷനില്‍ കേവലം 40 ദിവസത്തിനുള്ളില്‍ മാതൃകാ ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. വികസിത വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ കൂടുതലായി അവലംബിക്കുന്ന പ്രകൃതി സൗഹൃദ നിര്‍മ്മാണ രീതിയാണ് പ്രീ ഫാബ്രിക്കേഷന്‍. സ്റ്റീലും ഫൈബര്‍ സിമന്റ് ബോഡികളുമാണ് ഈ നവീന നിര്‍മ്മാണ രീതിയില്‍ ഉപയോഗിക്കുന്നത്.
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും 520 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് മുറികള്‍ ഉള്‍പ്പെടെയുള്ള മാതൃകാ ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാതെയുള്ള നിര്‍മ്മാണ രീതി പൊതുജനങ്ങള്‍ക്ക് അടുത്തറിയുന്നതിനാണ് മാതൃകാ ഭവനം നിര്‍മ്മിക്കുന്നത്.
തറക്കല്ലിടല്‍ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ്, ദാരിദ്ര ലഘൂകരണ വിഭാഗം ജില്ലാ പ്രോഗ്രാം ഡയറക്ടര്‍ കെ. ജി തിലകന്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍
ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ തയ്യാറാക്കുന്ന സംസ്ഥാനത്തെ ആദ്യ മാതൃകാ ഭവനത്തിന്റെ തറക്കല്ലിടല്‍ ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു. വി ജോസ് സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ് എന്നിവർ സമീപം.
