2021-ലെ ആദ്യഘട്ട സെൻസസിനും 2020 ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലിനും മുന്നോടിയായി ഉദ്യോഗസ്ഥ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.  തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ആറ് ദിവസമായി നടക്കുന്ന പരിപാടി  മുൻ രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ ഡോ.എം.വിജയനുണ്ണി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകൾ പോലുള്ള ന്യൂനപക്ഷ മേഖലകളെ പൂർണ്ണമായും ഉൾപ്പെടുത്താത്തതും നൽകുന്ന വിവരങ്ങളിലെ ഉള്ളടക്കത്തിൽ വരുന്ന തെറ്റുകളുമാണ് സെൻസസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. ഈ തെറ്റുകൾ പരിഹരിക്കാനാകണം ഉദ്യോഗസ്ഥർ പ്രഥമ പരിഗണന നൽകേണ്ടത്.

ജോലി എന്നതിനു പുറമേ പ്രഥമ കർത്തവ്യം എന്ന നിലയിൽ സെൻസസ് പ്രവർത്തനങ്ങളെ ഉദ്യോഗസ്ഥർ ഏറ്റെടുക്കണം. സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി വിവരങ്ങൾ നൽകാനാകണം. ലോകമഹായുദ്ധകാലത്തു പോലും ഇന്ത്യയിൽ സെൻസസ് മുടങ്ങിയിട്ടില്ല.  സെൻസസിൽ അത്തരത്തിലുള്ള സൽപ്പേര് നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഉപയോഗിക്കുന്ന ചരിത്രരേഖയാണ് സെൻസസ്. വിവരശേഖരണത്തിനായുള്ള തയ്യാറെടുപ്പുകൾ, വിവരശേഖരണം, അവലോകനം, പ്രസിദ്ധീകരണം എന്നിവ ഉൾപ്പെട്ട നടപടിക്രമങ്ങൾ രേഖയാക്കി സൂക്ഷിക്കണമെന്നും അത് വരും തലമുറയിലെ ഉദ്യോഗസ്ഥർക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവരശേഖരണത്തിന് ആദ്യമായി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ സെൻസസിനുണ്ട്. ഇതിനുള്ള പരിശീലനവും ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്. 14 ജില്ലകളിൽ നിന്നായി 34 മാസ്റ്റർ ട്രെയിനികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ ജില്ലാടിസ്ഥാനത്തിൽ മറ്റുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ സെൻസസ് ഓഫീസർ ഷീല തോമസ്, സെൻസസ് ഓപ്പറേഷൻ കേരള ജോയിന്റ് ഡയറക്ടർ ജോസ് ടി. വർഗീസ്, നോഡൽ ഓഫീസർ ഡോ. എസ്. സജീവ്, ഐ. എം. ജി. പ്രൊഫസർ ഡോ. ആർ. ജയശ്രീ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.