ഇടമണ്‍-കൊച്ചി പവര്‍ഹൈവേ യഥാര്‍ഥ്യമായതോടെ സംസ്ഥാനത്ത് 800 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിച്ച പ്രതീതിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടൂര്‍ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് നിലവില്‍ നാലായിരം മെഗാ വാട്ടിലധികം വൈദ്യുതിയാണ് ആവശ്യമുള്ളത്. ഇതില്‍ മൂവായിരം മെഗാവാട്ടും പുറത്തുനിന്നാണു കൊണ്ടുവരുന്നത്. ഇടമണ്‍-കൊച്ചി പവര്‍ഹൈവേ യഥാര്‍ഥ്യമായതോടെ 800 മെഗാവാട്ട് വൈദ്യുതി കൊണ്ടുവരാനുള്ള ശേഷിയാണു ലഭ്യമാകുന്നത്. ഇത് അര്‍ഥമാക്കുന്നത് 800 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിച്ചതിന് തുല്യമാണെന്നാണ്.
പ്രസരണനഷ്ടം കുറച്ച് വൈദ്യുതി എത്തിക്കാന്‍ ഇനി കഴിയും. വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രശ്‌നവും പരിഹരിക്കപ്പെടുകയാണ്. ഇനി കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്ന് കേന്ദ്ര പൂളിലൂടെ 2000 മെഗാവാട്ട് വരെ വൈദ്യുതി കൊണ്ടുവരാന്‍ നമ്മുക്ക് കഴിയും. പവര്‍കട്ടും ലോഡ്‌ഷെഡിംഗും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഇതോടെ കഴിയും. നമ്മുടെ നാടിന്റെ വികസനത്തിന് ആവശ്യമായ ഇത്തരം കാര്യങ്ങളില്‍ എല്ലാവരും ഇനിയും സഹകരിക്കണമെന്നും  ഇനിയും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള സംസ്ഥാനത്തിന്റെ പദ്ധതികള്‍ക്ക് നാടിന്റെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. കേവലം ഒരു വൈദ്യുതി പ്രസരണലൈന്‍ ഉദ്ഘാടനം എന്നതിനപ്പുറമുള്ള പ്രസക്തി ഇതിനുണ്ടെന്നും ഒരിക്കലും നടക്കില്ലെന്നു  കരുതി ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് ഇപ്പോള്‍ യഥാര്‍ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിച്ച ചടങ്ങില്‍  വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി,  എം.എല്‍.എമാരായ ചിറ്റയം ഗോപകുമാര്‍, മാത്യു ടി തോമസ്, രാജു ഏബ്രഹാം, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാര്‍,  ജില്ലാ കളക്ടര്‍ പി.ബി നൂഹ്, അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി ബോബി, പവര്‍ ഗ്രിഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് രവി, കെഎസ്ഇബിഎല്‍ സി.എം.ഡി: എന്‍. എസ് പിള്ള, പവര്‍ ഗ്രിഡ് സിജിഎം മാരായ എ.പി ഗംഗാധരന്‍, പി.സി ഗര്‍ഗ്, പത്തനംതിട്ട പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എ.ആര്‍ അജീഷ് കുമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍, പവര്‍ ഗ്രിഡ് ജനറല്‍ മാനേര്‍മാരായ മാത്യു കെ എബ്രഹാം, വി രാജേഷ്, ജി അംബികാദേവി, പവര്‍ഗ്രിഡ് ഉദ്യോഗസ്ഥര്‍, കെ.ഇ.സി ഇന്റര്‍നാഷണല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.