ഭാഷാ വൈവിധ്യത്തിന്റെയും സാംസ്‌കാരിക പെരുമയുടെയും മണ്ണിലേക്ക് കൗമാരത്തിന്റെ കലാവസന്തം വിരുന്നെത്തുമ്പോള്‍, സ്വാഗതമേകാന്‍ മഹാകവി കുട്ടമത്തിന്റെ ചെറുമകന്‍ കെ.വി. മണികണ്ഠദാസിന്റെ സ്വാഗതഗാനം. തെയ്യങ്ങളുടെയും പൂരക്കളിയുടെയും ഈറ്റില്ലമായ കാസര്‍കോടിനെ കേരളത്തിന്റെ സാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ പ്രതിഭയാണ് മഹാകവി കുട്ടമത്ത് .ഇതേ കവിയുടെ നാട് കലോത്സവത്തിന് ആതിഥ്യം വഹിക്കുമ്പോള്‍, കവിയുടെ ചെറുമകന്റെ രചന സ്വാഗത ഗാനമായി ആലപിക്കാന്‍ പോകുന്നത് കാലം കാത്തു വച്ച മറ്റൊരു നിയോഗമാകാം. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകനാണ് കുട്ടമത്ത് സ്വദേശിയായ കെ.വി. മണികണ്ഠദാസ്.

കലോത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച 83 രചനകളില്‍ നിന്നാണ് മണികണ്ഠ ദാസിന്റെ രചന കലോത്സവ ഗാനമായി തെരഞ്ഞെടുത്തത്.സാഹിത്യക്കാരന്‍മാരായ ഇ പി രാജഗോപാലന്‍,പത്മനാഭന്‍ ബ്ലാത്തൂര്‍,സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് സ്വാഗതഗാനം തെരഞ്ഞെടുത്തത്.സപ്തഭാഷാഭൂമിയെ പ്രകീര്‍ത്തിച്ചും പ്രാചീന നാട്ടു ചരിത്രത്തെ സ്മരിച്ചും കാസര്‍കോടന്‍ മണ്ണില്‍ പിറന്ന സാംസ്‌കാരിക പ്രതിഭകളെ അടയാളപ്പെടുത്തിയും ആണ് സ്വാഗതഗാനം അതിഥികളെ സ്വാഗതം ചെയ്യുന്നത്.
‘ഏഴു വാണികളും ഒറ്റ നാവില്‍
ഇണക്കിടുന്ന വരവര്‍ണ്ണിനീ
കേരളോത്തര വിലാസിനി
വിമല ദേശമായി ലസിപ്പു നീ’ എന്ന് തുടങ്ങുന്നതാണ് സ്വാഗത ഗാനം .വാക്കുകള്‍ക്ക് അതീതമായ കാസര്‍കോടിന്റെ സാംസ്‌കാരിക വൈവിധ്യം ‘ പുഴയൊരു പുല്ലാങ്കുഴലിലൊതുക്കാമോ?ഈ നാട്ടുവഴക്കം പാട്ടിലൊതുക്കാമോ? എന്ന വരികളില്‍ തെളിയുന്നു. കവിതയുടെ നിത്യകന്യകയെ തേടിയലഞ്ഞ മഹാകവി പി കുഞ്ഞിരാമന്‍ നായരെയും അത്യുത്തര കേരളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ കവിയും നവോത്ഥാന നായകനുമായ ടി ഉബൈദിനെയും സംഗീത – നാടക പ്രസ്ഥാനത്തിന്റെ സൂര്യതേജസ് വിദ്വാന്‍ പി. കേളു നായരെയും സാഹിത്യ മണ്ഡലത്തില്‍ കൈയൊപ്പ് ചാര്‍ത്തിയ മറ്റ് മഹാരഥന്‍മാരെ കുറിച്ചും സ്വാഗത ഗാനം സ്മരിക്കുന്നു.
15 മിനുട്ട് ദൈര്‍ഘ്യമുള്ള സ്വാഗത ഗാനത്തിന് സംഗീതം നല്‍കിയത് പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. 60 ഓളം അധ്യാപകര്‍ ചേര്‍ന്നാണ് സ്വാഗത ഗാനം ആലപിക്കുക.മണികണ്ഠദാസ് സ്വാഗത ഗാനവുമായി കലോത്സവത്തില്‍ എത്തുന്നത് ആദ്യമായിട്ടാണെങ്കിലും, മിക്കവര്‍ഷവും മണികണ്ഠദാസിന്റെ രചനയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ മോണോ ആക്ടുകള്‍ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാനതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.