കായിക വിദ്യാർഥികൾക്ക് ഭക്ഷണം കൊടുക്കാൻ സ്കൂൾ അക്കൗണ്ടിലേക്ക് നൽകിയിരുന്ന തുക ജനുവരി മുതൽ കുട്ടികളുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. മൂവായിരത്തോളം വിദ്യാർഥികളാണ് വിവിധ സ്കൂളുകളിലായി കായിക പരിശീലനം നേടുന്നത്. ഈ കുട്ടികൾ അവർക്ക് ഇഷ്ടമുള്ളത് കഴിച്ച് ആരോഗ്യം ഉള്ളവരായി വളരണം എന്നും മന്ത്രി പറഞ്ഞു.
നടുവണ്ണൂർ വോളിബോൾ അക്കാദമിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 245 കായിക താരങ്ങൾക്ക് ജോലി നൽകാൻ സാധിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അർഹതപ്പെട്ട കായിക താരങ്ങൾക്ക് സംരക്ഷണം നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആയിരം കോടി രൂപയാണ് കായിക മേഖലയുടെ വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്. കേരളത്തിൽ നാൽപതിനായിരം കോടി രൂപയുടെ വികസനം നടന്നുകൊണ്ടിരിക്കുകയാണെന്നും 10 വർഷം കൊണ്ട് ചെലവഴിച്ച തുക മുഴുവൻ തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം. എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവർ മുഖ്യാതിഥികളായി.
നടുവണ്ണൂരിലെ കാവുന്തറയിൽ 74.37 സെന്റ് സ്ഥലത്ത് 9.24 കോടി രൂപ ചെലവിലാണ് അക്കാദമി നിർമ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയവും ഒരു ഔട്ട് ഡോർ കോർട്ടും നിർമ്മിക്കും. അക്കാദമിയുടെ പ്രവൃത്തി പൂർത്തിയാവുന്നതോടെ മേപ്പിൾ വുഡ് ഫ്ലോറിങ്ങോട് കൂടിയ വോളിബോൾ കോർട്ട്, ഇൻഡോർ സ്റ്റേഡിയം, ഡോർമിറ്ററി, സിന്തറ്റിക് അക്രിലിക് ഫ്ലോറിങ്ങോട് കൂടിയ ഔട്ട്ഡോർ വോളിബോൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ആണ് ഉണ്ടാവുക. കായിക യുവജനകാര്യ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. പതിനാല് മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കായിക യുവജന കാര്യാലയം ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ഡയറക്ടർ ബി അജിത് കുമാർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട, വോളിബോൾ അക്കാദമി സെക്രട്ടറി കെ വി ദാമോദരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.