പത്തനംതിട്ട: ക്വാമി ഏകതാ വാചാരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലങ്ങളിലും ദേശീയോദ്ഗ്രഥന യോഗം സംഘടിപ്പിക്കുകയും ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ജില്ലാ ഭരണകൂടം-ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം അലക്സ് പി.തോമസ് നിര്‍വഹിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐശ്വര്യത്തിനും പ്രതീകമാകുന്ന ദിനാചരണമാണിതെന്നും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും എ.ഡി.എം പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഠതയും  പരമപ്രധാനമാണ്. ദേശീതയും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ എല്ലാ പൗരന്മാരും ജാതി,മത, വര്‍ഗ, ഭാഷ, രാഷ്ട്രീയ വ്യത്യാമില്ലാതെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ദേശീയോദ്ഗ്രഥന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമാണ് രാജ്യമെങ്ങും ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്.
ഉദ്ഘാടനത്തിനുശേഷം ജീവനക്കാര്‍ക്ക് ദേശീയോദ്ഗ്രഥന പ്രതിജ്ഞ എഡിഎം ചൊല്ലിക്കൊടുത്തു. ‘ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണ ബോധത്തോടു കൂടി വര്‍ത്തിക്കുമെന്നും ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും മറ്റു രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവുമായ മാര്‍ഗത്തിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു’ എന്നായിരുന്നു പ്രതിജ്ഞ. രാവിലെ 11 ന് ഒരേസമയമായിരുന്നു ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുത്തത്.