കേരളത്തിന് വയസ്സാകുന്നില്ലെന്ന് തെളിയിക്കാനാകണം- മന്ത്രി എ.സി. മൊയ്തീൻ

കേരളത്തിന് വയസ്സാകുന്നില്ലെന്നും വാർധക്യത്തിലും ചെറുപ്പമായിരിക്കുന്നുവെന്ന് തെളിയിക്കാനാകണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. കുടുംബശ്രീയുടെയും കിലയുടെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ  സംഘടിപ്പിച്ച ദേശീയ ശിൽപശാല- വയോജന സൗഹൃദ സമൂഹം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയോജനങ്ങളുടെ ആരോഗ്യപരവും സാമൂഹികമായ പ്രശ്നങ്ങൾ പുതിയ കാലഘട്ടത്തിന്റെ രീതിക്കനുസരിച്ച് പരിഹരിക്കാനാകണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആരോഗ്യ സാമൂഹ്യനീതി വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം ആവിഷ്‌കരിക്കേണ്ടതുണ്ട്. വ്യത്യസ്ത വകുപ്പുകളുടെ സേവനം ഒരുമിച്ച് ചേർക്കുന്നതിലൂടെ വയോജനക്ഷേമത്തിൽ ഒട്ടേറെ മുന്നോട്ടു പോകാനാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയയിൽ വിരമിച്ച ഉദ്യോഗസ്ഥരുടെയും അനുഭവ സമ്പത്തുള്ളവരുടെയും അറിവുകൾ പ്രയോജനപ്പെടുത്താനാകണം. സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ കുറവ് എല്ലാ മേഖലയിലെയും പദ്ധതി നിർവഹണത്തിൽ പ്രതിസന്ധിയാകുന്നുണ്ട്.

വാർധക്യം ശാപമല്ല എന്ന ചിന്തയിലേക്ക് മാറ്റിയെടുക്കാൻ വിധം അവരോടുള്ള സമീപനങ്ങൾ മാറണം. സാമ്പത്തികഭദ്രതയുണ്ടെങ്കിലും പരിചരിക്കാനാരുമില്ലാതെ ഒറ്റപ്പെടുന്ന സാഹചര്യമാണ് കേരളത്തിലെ വയോജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധി. ഇത്തരത്തിലുള്ളവർ സാമൂഹിക അക്രമങ്ങൾക്ക് ഇരയാകേണ്ടി വരുന്നു. ഈ വിധത്തിലുള്ള വയോജന പ്രശ്നങ്ങൾ ഏറ്റെടുക്കാൻ സർക്കാർ വലിയ പരിശ്രമങ്ങൾ നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വയോജനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതവും ആരോഗ്യകരവുമായ വാർധക്യകാല ജീവിതം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ തേടുകയാണ് ദ്വിദിനശിൽപശാലയുടെ ലക്ഷ്യം. കില ഡയറക്ടർ ജോയ് ഇളമൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. തുളസിഭായ് പദ്മനാഭൻ, സജിത് സുകുമാരൻ, പ്രമോദ് കെ. വി, തോട്ടത്തിൽ രവീന്ദ്രൻ, സാബു കെ. ജേക്കബ് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ, സാമൂഹ്യ-വികസന-അക്കാദമിക് രംഗത്തെ വിദഗ്ധർ എന്നിവർ അവതരണം നടത്തി.  ശിൽപശാലയിലൂടെ ഫീൽഡ്തലത്തിൽ നടപ്പാക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് ഇന്ന് (നവംബർ 20) നടക്കുന്ന സമാപന സമ്മേളത്തിൽ ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് കൈമാറും.