അയ്യപ്പഭക്തര്‍ക്ക് സഹായഹസ്തമായും വിവരങ്ങള്‍ യഥാസമയം കൈമാറിയും ശബരിമല അയ്യപ്പസന്നിധിയിലെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മാതൃകാപരമായ പ്രവര്‍ത്തനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പബ്ലിക് റിലേഷന്‍ വിഭാഗത്തിന് കീഴിലാണ് ശബരിമല  സന്നിധാനത്ത് വലിയ നടപ്പന്തലില്‍ പബ്ളിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  അനൗണ്‍സ്മെന്റ് സംവിധാനം ഇവിടെയുണ്ട്.

അയ്യപ്പഭക്തന്‍മാര്‍ക്കുളള വിവിധ അറിയിപ്പുകള്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളില്‍ നല്‍കുക, തിരുനട തുറക്കുമ്പോഴും, അടയ്ക്കുമ്പോഴും അയ്യപ്പഭക്തി ഗാനങ്ങള്‍ കേള്‍പ്പിക്കുക, കൂട്ടം തെറ്റിയ ഭക്തജനങ്ങളെ സംബന്ധിച്ച് അറിയിപ്പ് നല്‍കുക, നഷ്ടപ്പെട്ടു/കളവുപോകുന്ന വിലപിടിപ്പുളള സാധനങ്ങള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുക തുടങ്ങിയവയാണ് പബ്ലിസിറ്റി അനൗണ്‍സ്മെന്റ് വിഭാഗത്തിന്റെ ദൈനംദിന പ്രവര്‍ത്തനം.

തമിഴ്, തെലുങ്ക്, കന്നട ഹിന്ദി, ഇംഗ്ളീഷ് അനൗണ്‍സ്മെന്റ് നടത്തുന്നത് ബാംഗളൂര്‍ സ്വദേശി ആര്‍.എം.ശ്രീനിവാസാണ്. മലയാളം അനൗണ്‍സ്മെന്റ് ചെയ്യുന്നത് കോഴഞ്ചേരി ഗോപാലകൃഷ്ണന്‍, മഹേഷ് എന്നിവരാണ്. ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസറും മാധ്യമ പ്രവര്‍ത്തകനുമായ സുനില്‍ അരുമാനൂരും അനൗണ്‍സറുടെ കുപ്പായമണിയുമ്പോള്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അറിയിപ്പുകള്‍ അയ്യപ്പഭക്തരെ തേടിയെത്തും.

കൂട്ടം തെറ്റി വരുന്ന അയ്യപ്പഭക്തര്‍ക്കും അതിഥികള്‍ക്കും ഇരിക്കാനുള്ള മുറി, അനൗണ്‍സ്‌മെന്റ് മുറി, പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ കാബിന്‍, അസിസ്റ്റന്റ് ഓഫീസര്‍മാരുടെ ഇരിപ്പിടങ്ങള്‍ എന്നിങ്ങനെയുള്ള സൗകര്യവും ഇവിടെയുണ്ട്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടെ 25 ല്‍ അധികം ജീവനക്കാര്‍ വിവിധ ഷിഫ്റ്റുകളിലായി ഭക്തരെ സഹായിക്കാനും വിവരങ്ങള്‍ കൈമാറാനും 24 മണിക്കൂറും സജ്ജമാണ്.

ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയുടെയും പി.ആര്‍.ഒ ആയ സുനില്‍ അരുമാനൂരിന്റെ നേതൃത്വത്തിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം. ദേവസ്വം  ഫോട്ടോഗ്രാഫര്‍ വിജയകുമാര്‍, അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസര്‍ എന്നിവരെ  കൂടാതെ  ആറ് ക്ഷേത്രജീവനക്കാരും 24 മണിക്കൂറും  ഈ  ഓഫീസില്‍ കര്‍മനിരതരാണ്.

ഇവ കൂടാതെ സന്നിധാനത്തുളള സ്റ്റേജില്‍ കലാപരിപാടി അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പന്‍മാരുടെ ഫോണിലൂടെയുളള സംശയങ്ങള്‍ക്ക് മറുപടി നല്‍കുക തുടങ്ങിയവയും ഈ ഓഫീസ് ചെയ്തുവരുന്നു. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം ഒഴുകിയെത്തുന്നതും ഈ ഓഫീസില്‍ നിന്നു തന്നെ. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററുകളും ഈ ഓഫീസിന്റെ നിയന്ത്രണത്തിലാണ്.