മലകയറാന്‍ ആദ്യമായി വ്രതം എടുത്തു തുടങ്ങുന്ന ആളെയാണ് കന്നിഅയ്യപ്പന്‍ എന്നു വിളിക്കുന്നത്. കന്നി അയ്യപ്പന്മാര്‍ ആദ്യമായി ഒരു ഗുരുസ്വാമിയെ കണ്ടെത്തണം. പതിനെട്ടുകൊല്ലമെങ്കിലും മലചവിട്ടിയ ഒരാളെയാണ് ഗുരുസ്വാമി എന്നു വിളിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രനടയില്‍ വച്ചുവേണം മാലയിടേണ്ടത്.

അതിരാവിലെ കുളിച്ച് ശുദ്ധമായ കറുത്ത വസ്ത്രം ധരിച്ച്, സ്വാമിയുടെ രൂപം മുദ്രിതമായ പതക്കമുള്ള രുദ്രാക്ഷമാലയാണ് അണിയേണ്ടത്. നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതനിഷ്ഠ തെറ്റാതെ പാലിക്കണം. വ്രതകാലത്ത്  ആഴിപൂജ, പടുക്ക എന്നീ ചടങ്ങുകള്‍ നടത്തണം.

കെട്ടുനിറ അഥവാ കെട്ടുമുറുക്ക് എന്ന കര്‍മം നടത്തേണ്ടത് ശബരിമലക്ക് പോകും മുമ്പാണ്. ഗുരുസ്വാമിയുടെ നിര്‍ദേശ പ്രകാരമാണ് ഇരുമുടിക്കെട്ട് നിറയ്‌ക്കേണ്ടത്. പിന്നീട് പിന്തിരിഞ്ഞ് നോക്കാതെ ശരണം വിളികളോടെ വേണം പുറപ്പെടേണ്ടത്.
എരുമേലിയില്‍വച്ച് പേട്ടതുള്ളല്‍ നടത്തണം. പേട്ടതുള്ളല്‍ കഴിഞ്ഞാല്‍ ക്ഷേത്രത്തിന് മുന്‍വശത്തുള്ള ജലാശയത്തില്‍ പ്രാര്‍ഥനകളോടെ സ്‌നാനം ചെയ്യണം.

എരുമേലി ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാണിക്കയിട്ട് തൊഴുത് നാളീകേരമുടച്ച് കെട്ടുതാങ്ങി സ്വാമിയുടെ കോട്ടപ്പടി എന്ന സ്ഥാനം കടക്കണം. കന്നി അയ്യപ്പന്മാര്‍ക്ക് അഴുതാ നദിയിലെ സ്‌നാനം പ്രധാനപ്പെട്ടതാണ്. അവര്‍ അഴുതയില്‍ മുങ്ങി കല്ലെടുത്ത് വസ്ത്രത്തിന്റെ തുമ്പില്‍ കെട്ടിയിടണം. ശേഖരിച്ച ഈ കല്ല് കല്ലിടുംകുന്നിലാണ് നിക്ഷേപിക്കേണ്ടത്.

പമ്പാനദിക്കരയില്‍ വച്ചാണ് ഗുരുസ്വാമിക്കുള്ള ദക്ഷിണ നല്‍കേണ്ടത്. തുടര്‍ന്നുള്ള യാത്രാമധ്യേ അപ്പാച്ചിക്കുഴിയും ഇപ്പാച്ചിക്കുഴിയും കാണാം. അവിടെ അരിയുണ്ടയും ശര്‍ക്കരയുണ്ടയും എറിയണം. പിന്നീട്, ശരംകുത്തിയിലെത്തി കന്നി അയ്യപ്പന്മാര്‍ ശരക്കോല്‍ നിക്ഷേപിക്കുന്നു. കന്നി അയ്യപ്പന്മാര്‍ എത്തിയെന്നതിന്റെ തെളിവാണിത്.

മകരവിളക്ക് കഴിഞ്ഞുള്ള മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളിപ്പ് കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടിയാണ്. ഈ അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ചതിനു ശേഷമാണ് പതിനെട്ടാംപടി കയറി കന്നി സ്വാമിമാര്‍ ശബരീശദര്‍ശനം നടത്തേണ്ടത്.