അടുക്കള സംവിധാനങ്ങള്‍ കണ്ടാല്‍ ഏറ്റവും മുന്തിയ ഹോട്ടലിലേതാണെന്നു തോന്നിപ്പോകും. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് തയാറാക്കിയിട്ടുള്ള  അന്നദാന ശാലയുടെ അടുക്കളയില്‍ ഏറ്റവും പുതിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാല്‍പ്പതിലേറെ ജീവനക്കാര്‍ ഇവിടെ രാവും പകലും പണിയെടുക്കുന്നുണ്ട്. വലിയ അനവധി പാത്രങ്ങളില്‍ ആവിയിലാണ് ചോറ് വേവിക്കുന്നത്.

അന്നദാനശാലയുടെ തറനിരപ്പില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയില്‍ നിന്ന് പാത്രങ്ങളിലാക്കി ട്രോളിയിലൂടെ ലിഫ്റ്റ് മാര്‍ഗം ചോറും കറികളും ഒന്നാംനിലയില്‍ ഭക്ഷണശാലയില്‍ എത്തിക്കുന്നു. വിറക് പൂര്‍ണമായും അടുക്കളയില്‍ നിന്ന് ഒഴിവാക്കി പരിസ്ഥിതി സൗഹൃദമാക്കിയിരിക്കുകയാണ്. ഉപ്പുമാവ് വലിയ വാര്‍പ്പുകളില്‍ ഗ്യാസ് ഉപയോഗിച്ചാണ് തയാറാക്കുന്നത്. 24 മണിക്കൂറും ഭക്തര്‍ക്ക് ഇവിടെ നിന്ന് ഭക്ഷണം കഴിക്കാമെന്നതാണ് പ്രത്യേകത.

മുമ്പ് ഭക്തര്‍ തന്നെ പാത്രങ്ങള്‍ കഴുകണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാത്രവും കഴുകേണ്ട. പാത്രം എടുക്കുന്നതിനും കഴുകുന്നതിനും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പാത്രത്തില്‍  നിന്നുള്ള അവശിഷ്ടങ്ങള്‍ മറ്റൊരു ടാങ്കില്‍ സംഭരിക്കും. അത് ഓരോഘട്ടത്തിലും വെള്ളം ഒഴുക്കി പുറത്തേക്ക് പൈപ്പിലൂടെ നീക്കം ചെയ്യുന്നു.

തണുത്ത വെള്ളത്തില്‍ കഴുകുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ വീണ്ടും കഴുകും. ഇതിനായി പ്രത്യേക യന്ത്രവുമുണ്ട്. പകര്‍ച്ചവ്യാധി ഒരുതരത്തിലും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം. മാത്രമല്ല ഭക്ഷണശാലയും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കാനും കഴിയും. വന്യജീവികളുടെ ശല്യവും ഒഴിവാകും. ഭക്ഷണശാല ഓരോ ഘട്ടത്തിലും വാക്വം ക്ളീനര്‍ ഉപയോഗിച്ചു വൃത്തിയാക്കുന്നുണ്ട്.

ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഭക്ഷണശാലയിലുണ്ട്. ഒരു ദിവസം 40000 ഓളം പേര്‍ക്ക് ഇവിടെ ഭക്ഷണം നല്‍കാന്‍ കഴിയും. മൂന്നുനേരവും ഇവിടെ ഭക്ഷണമുണ്ട്. രാവിലെ പ്രാതലിന് ഇഡലി അല്ലെങ്കില്‍ ഉപ്പുമാവും കടലകറിയും ഉച്ചയ്ക്ക് മൂന്നിനം കറികള്‍ കൂട്ടിയുള്ള ഊണ്, രാത്രിയില്‍ കഞ്ഞിയും പയറും. വൈകി വരുന്ന ഏതൊരാള്‍ക്കും ഭക്ഷണം ലഭിക്കും.