അനധികൃത കുഴൽക്കിണർ നിർമാണത്തിനെതിരെ തദ്ദേശസ്ഥാപനാധികാരികൾ ജാഗരൂകരാകണമെന്നും അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കണമെന്നും ഭൂജലവകുപ്പ് നിർദ്ദേശിച്ചു.
ഉപയോഗശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ കുഴൽക്കിണറുകൾ അതത് തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ പരിശോധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് മൂടി ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസുകളെ അറിയിക്കണം.

നിലവിലെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കുഴൽക്കിണർ നിർമിക്കുന്നതിന് ഭൂജലവകുപ്പിന്റെ അംഗീകാരത്തോടെ തദ്ദേശസ്ഥാപനങ്ങളാണ് പെർമിറ്റ് നൽകുന്നത്. നിയമപരമായി കുഴൽക്കിണർ നിർമിക്കുമ്പോൾ ഉടമസ്ഥൻ 15 ദിവസം മുമ്പ് തദ്ദേശസ്ഥാപനത്തിലെ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിക്കണം.
അനധികൃതമായും, അശാസ്ത്രീയമായും കുഴൽക്കിണറുകൾ നിർമിക്കുന്നത് തദ്ദേശസ്ഥാപനം തടയണം. നിർമാണത്തിനിടെ ഉപേക്ഷിക്കപ്പെടുന്ന കുഴൽക്കിണറുകൾ സംബന്ധിച്ച് കർശനനടപടി വേണം. ഉപയോഗശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ സ്വകാര്യ/ പൊതു കുഴൽക്കിണറുകൾ നിലവിലുണ്ടെങ്കിൽ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കണം.

കുഴൽക്കിണർ നിർമാണവേളയിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള സുരക്ഷാരീതികളും, കുഴൽക്കിണറിൽ കുട്ടികൾ വീണുപോയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ പ്രതികരണസേന പുറപ്പെടുവിച്ച നിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും ഭൂജലവകുപ്പ് അറിയിച്ചു.

കുഴൽക്കിണർ നിർമ്മാണവേളയിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ ചുവടെ ചേർക്കുന്നു.

കുഴൽക്കിണർ നിർമിക്കുന്നതിന് 15 ദിവസം മുമ്പ് പ്രദേശത്തെ അധികാരികളെ രേഖാമൂലം അറിയിക്കണം. ജില്ലാ ഭരണകൂടം മുമ്പാകെ എല്ലാ ഡ്രില്ലിംഗ് ഏജൻസികളും (സർക്കാർ, അർധസർക്കാർ, സ്വകാര്യ തുടങ്ങിയവ) രജിസ്റ്റർ ചെയ്യണം. ഡ്രില്ലിംഗ് ഏജൻസിയുടെ പേരും മേൽവിലാസവും, കിണറിന്റെ ഉപഭോക്തൃ ഏജൻസിയുടേയോ/ ഉടമയുടേയോ മുഴുവൻ പേരും മേൽവിലാസവും ഉൾപ്പെടെ വിശദാംശങ്ങളടങ്ങിയ ബോർഡ് കിണർ നിർമിക്കുന്നതിനായി സ്ഥാപിക്കണം.

കിണർ നിർമിക്കുന്നതിന് ചുറ്റുമായി മുള്ളുവേലിയോ, മറ്റേതെങ്കിലും വേർതിരിവോ ചെയ്യണം. കിണറിന്റെ കേസിങ്ങിന് ചുറ്റുമായി സിമൻറ്/ കോൺക്രീറ്റ് നിർമിത പ്ലാറ്റ്ഫോം നിർമിക്കണം. വെൽ അസംബ്ളി അടയ്ക്കാൻ സ്റ്റീൽ അടപ്പ് വെൽഡ് ചെയ്ത് പിടിപ്പിക്കുകയോ ബോൾട്ടും നട്ടും ഉപയോഗിച്ച് കട്ടികൂടിയ അടപ്പ് പിടിപ്പിക്കുകയോ ചെയ്യണം.

പമ്പിന് അറ്റകുറ്റപ്പണി ചെയ്യുമ്പോൾ കിണർ മൂടി സംരക്ഷിക്കണം. കിണർ നിർമാണം പൂർത്തിയായാലുടൻ മഡ്പിറ്റുകളും ചാനലുകളും മൂടി ചുറ്റുപാടുമുള്ള പ്രദേശം പൂർവസ്ഥിതിയിലാക്കണം. ഉപേക്ഷിക്കപ്പെട്ട തുരപ്പൻ കിണറുകൾ ചെളി/ മണൽബോർഡേഴ്സ്/ പെബിൾസ്/ കട്ടിംഗ് ഉപയോഗിച്ച് അടി മുതൽ തറമട്ടം വരെ നിറയ്ക്കണം.

ഈ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നും തുരപ്പൻ/ കുഴൽക്കിണറുകളുടെ നിർമാണസ്ഥിതി വിലയിരുത്താനുമുള്ള മോണിറ്റിംഗ് ചെക്ക് കേന്ദ്ര/ സംസ്ഥാന ഏജൻസികൾ നടത്തുന്നുണ്ടോ എന്നും വിലയിരുത്താനുള്ള അധികാരം ജില്ലാ കളക്ടർക്കാണ്.

ജില്ലാ/ ബ്ളോക്ക്/ പഞ്ചായത്ത് തലത്തിൽ എത്ര തുരപ്പൻ/ കുഴൽക്കിണറുകൾ ഉപയോഗത്തിലുണ്ട്, എത്രയെണ്ണം മൂടാനുണ്ട്, എത്രയെണ്ണം മൂടിയിട്ടുണ്ട് എന്നുള്ള വിവരങ്ങൾ ലഭ്യമാക്കണം. ഗ്രാമീണമേഖലയിൽ വില്ലേജ് ഓഫീസർമാരും കൃഷി ഓഫീസർമാരും ഇത് നിരീക്ഷിക്കണം. നഗരമേഖലയിൽ ഇതിന്റെ ചുമതല ഭൂജല വകുപ്പിലേയോ പൊതുജനാരോഗ്യ/ മുനിസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ എഞ്ചിനീയറോ എക്സിക്യൂട്ടീവ് എഞ്ചിനീയറോ വഹിക്കണം.

കുഴൽക്കിണർ ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ അത് വൃത്തിയായി മൂടിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഭൂജല/ പൊതുആരോഗ്യ/ മുനിസിപ്പൽ കോർപറേഷൻ/ പഞ്ചായത്ത് സർട്ടിഫിക്കറ്റ് നൽകണം. ഇതുസംബന്ധിച്ച വിവരം ജില്ലാ കളക്ടറോ ബി.ഡി.ഒയോ സൂക്ഷിക്കണം.

കൊച്ചുകുട്ടികൾ കുഴൽക്കിണറുകൾ വീണുപോയാൽ സ്വീകരിക്കേണ്ട നടപടികൾ ചുവടെ ചേർക്കുന്നു.

കുട്ടികൾ തുറന്നുകിടക്കുന്ന ഏതെങ്കിലും കുഴൽക്കിണറുകളിൽ വീണാൽ മറ്റെന്തെങ്കിലും വീണ് രക്ഷാപ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ ആ സ്ഥലം സുരക്ഷിതവലയത്തിലാക്കണം.

കിണറിനുചുറ്റും ജനങ്ങൾ തടിച്ചുകൂടി രക്ഷാപ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ സുരക്ഷിതവേലി സ്ഥാപിക്കണം.

കയറിന്റെയോ ചരടിന്റെയോ സഹായത്തോടെ കിണറ്റിൽ അകപ്പെട്ട കുട്ടിയെ വീണ്ടും താഴോട്ടുപോകാത്തവിധം സുരക്ഷിതമായി ഉറപ്പിച്ചുനിർത്തണം.

പൈപ്പിന്റെ സഹായത്തോടെ കുഴൽക്കിണറിൽ ഓക്സിജൻ എത്തിക്കണം. രാത്രിയിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വെളിച്ചത്തിനുള്ള സജ്ജീകരണങ്ങൾ നടത്തണം.

ദേശീയ ദുരന്ത നിവാരണ സേനയെ അടിയന്തരമായി വിവരം അറിയിക്കണം. ദേശീയ ദുരന്ത നിവാരണ സേനയുടെ നിർദേശപ്രകാരം ദുരന്തം നടന്ന കുഴൽക്കിണറിനു സമാന്തരമായി സുരക്ഷിത അകലത്തിൽ മറ്റൊരു കിണർ ആവശ്യമായ താഴ്ചയിൽ കുഴിക്കണം.

കുഴൽകിണറിൽ അകപ്പെട്ട കുട്ടിയോട് ബന്ധുക്കളും രക്ഷിതാക്കളും തുടർച്ചയായി സംസാരിച്ച് കുട്ടിയുടെ മനോബലം വർധിപ്പിക്കാൻ ശ്രമിക്കണം.

കുട്ടിക്ക് കമ്പാർട്ട്മെൻറ് കമ്പ്രഷൻ സിൻഡ്രോം ബാധിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ ജില്ലാ മെഡിക്കൽ ഓഫീസറിൽനിന്ന് അറിവ് നേടിയിരിക്കണം.

അറ്റകുറ്റപണികൾക്കോ ദിനംപ്രതിയുള്ള മറ്റേതെങ്കിലും പ്രവൃത്തികൾക്കോ ശേഷം ട്യൂബ്വെൽ/ കുഴൽക്കിണർ തുറന്നിടാൻ പാടില്ല. കുഴൽകിണറിലേക്ക് വെള്ളം ഒഴുക്കുകയോ ഭക്ഷണസാധനങ്ങൾ ഇട്ടുകൊടുക്കുകയോ ചെയ്യരുത്. അടിഭാഗത്തുനിന്ന് കുഴൽക്കിണറിലേക്ക് വെള്ളം ഊർന്നിറങ്ങുന്നത് തടയണം.

ദുരന്തം ഉണ്ടായ കുഴൽകിണറിന് സമീപം വൻയന്ത്രങ്ങൾ പ്രവർത്തിപ്പിക്കരുത്. ശക്തിയേറിയ യന്ത്രങ്ങളുടെ പ്രവർത്തനഫലമായുണ്ടാകുന്ന പ്രകമ്പനം മൂലം മണ്ണ് ഇളകി കുഴൽക്കിണർ തകരാനിടയുണ്ട്.