കാക്കനാട്: പ്രളയബാധിതർക്കായുള്ള ആന്റണിയുടെ സ്നേഹ സമ്മാനം ജില്ലാ ഭരണകൂടത്തിന് കൈമാറി. മാമംഗലം പാറേപറമ്പ് ആന്റണിയാണ് പ്രളയബാധിതർക്ക് തന്റെ വകയായി നിർമ്മിച്ചു നൽകിയ കട്ടിലുകൾ ഭാര്യ റോസിലിയോടൊപ്പമെത്തി ജില്ലാ കളക്ടർ എസ്.സുഹാസിന് കൈമാറിയത്. കാർപെന്ററായ ആൻറണി രണ്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് 20 കട്ടിലുകൾ ഉണ്ടാക്കിയത്.

സഹായത്തിന് ഭാര്യ റോസിലിയും മക്കളായ ഗ്ലാഡ് വിൻ, ബെൻവിൻ എന്നിവരും ചേർന്നു.കഴിഞ്ഞ രണ്ട് പ്രളയത്തിലും വീടും വർക് ഷോപ്പും വെള്ളത്തിൽ മുങ്ങുക വഴി വൻ നഷ്ടമാണ് ഇദ്ദേഹത്തിനും കുടുംബത്തിനു മുണ്ടായത്. ഇത് മറന്നാണ് പറവൂരിലെ പ്രളയബാധിതർക്കായി തന്റെ സ്നേഹ സമ്മാനമൊരുക്കിയത്.ചടങ്ങിൽ എ.ഡി.എം.കെ.ചന്ദ്രശേഖരൻ നായർ, ഹുസൂർ ശിരസ്തദാർ കെ.എം.എൽദോ,പറവൂർ തഹസിൽദാർ എം.എച്ച്.ഹരീഷ് എന്നിവർ സംബന്ധിച്ചു.