ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിൻറെ 25 ശതമാനം കിഫ്ബി നൽകുന്നു. ഇതിൻറെ ആദ്യഗഡുവായി 349.7 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്.

ദേശീയപാതാ വികസനത്തിൽ മറ്റു സംസ്ഥാനങ്ങൾ ബഹുദൂരം മുന്നേറിയ പ്പോഴും സ്ഥലമേറ്റെടുക്കൽ നടപടിയിലെ കാലതാമസവും വലിയ ചെലവും കാരണം കേരളത്തിന് കാര്യമായി മുന്നോട്ടുപോകാ നായിരുന്നില്ല. കേരളത്തിൽ സ്ഥലമേറ്റെടുക്കുന്നതിനുള്ള ചെലവ് കൂടുതലായതു കൊണ്ട് ചെലവിൻറെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിലപാട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എടുത്തു. തുടർന്ന് മുഖ്യന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നേരിട്ട് നടത്തിയ ചർച്ചകളിലാണ് തീരുമാനമുണ്ടായത്. ദേശീയപാതാ വികസനം അത്യന്താപേക്ഷിതമായതുകൊണ്ട് 25 ശതമാനം ചെലവ് വഹിക്കാൻ സംസ്ഥാനം സമ്മതിച്ചു.

5,374 കോടി രൂപയാണ് സംസ്ഥാനത്തിൻറെ മൊത്തം ബാധ്യത. ഇതിലേക്കാണ് 349.7 കോടി കൈമാറിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസർ എന്നിവർ ഒരു ത്രികക്ഷി കരാർ ഇതിൻറെ ഭാഗമായി ഒപ്പിട്ടിട്ടുണ്ട്.