സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചണ്ണപ്പേട്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശിലയിടുകയായിരുന്നു അദ്ദേഹം. ആകെയുള്ള 1664 വില്ലേജ് ഓഫീസുകളില്‍ പകുതിയും മൂന്ന് വര്‍ഷത്തിനകം ആധുനികവത്കരിക്കും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കും അടിയന്തര അറ്റകുറ്റപണി വേണ്ടവയ്ക്കും നിര്‍മാണഘട്ടത്തില്‍ മുന്‍ഗണന നല്‍കും. ഒരു വര്‍ഷം കുറഞ്ഞത് 150 ഓഫീസുകളെങ്കിലും പുനരുദ്ധരിക്കുയാണ് ലക്ഷ്യം.
അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലാന്‍ഡ് ട്രൈബ്യൂണലില്‍ കെട്ടിക്കിടന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കി വരികയാണ്. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സര്‍വീസ് ശേഷിക്കുന്നവരെയാണ് ഇപ്പോള്‍ ഇവിടെ നിയമിക്കുന്നത്.
ജനകീയ പ്രശ്‌നങ്ങള്‍ക്ക് കാലതാമസം കൂടാതെ പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ജനങ്ങള്‍ക്ക് സംതൃപ്ത സേവനം നല്‍കുന്നവരായി ഉദ്യോഗസ്ഥര്‍ മാറണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനായി. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലൂടെ മാതൃകാ ഓഫീസുകളാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹംസ, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു