ജീവിതത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിനുള്ള ദിശ കണ്ടെത്താന്‍ ബല്ല ഈസ്‌ററ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന് സിനിമയിലെ അഭിനേത്രിയായ അനശ്വര രാജന്‍ പ്രദര്‍ശന നാഗരിയിലെത്തിയത് വിദ്യാര്‍ത്ഥികളില്‍ ആവേശം പരത്തി.
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനമായ ദിശയിലേക്ക് ആരംഭ ദിവസമായ 27ന്  5610 വിദ്യാര്‍ത്ഥികളാണ്  എത്തിയത്. രാജ്യത്തുള്ള ഉന്നത സര്‍വ്വകലാശാലകളുടെയും വിദ്യാഭാസസ്ഥാപനങ്ങളുടേതുമടക്കം 58 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
കലോത്സവ ഉദ്ഘടന ദിവസം ഉച്ചയ്ക്ക് 12ന് മുമ്പ് തന്നെ മൂവായിരത്തോളം വിദ്യാര്‍ത്ഥികളാണ് പ്രദര്‍ശനത്തിലേക്കെത്തിയത്.  രാവിലെ മുതല്‍ വൈകുന്നേരം വരെ ഒന്നര മണിക്കൂര്‍ വീതമുള്ള 5 സ്ലോട്ടുകളായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.  ഓരോ സ്ലോട്ടിലേക്കും ആദ്യം 650 പേരെയാണ് അനുവദിച്ചിരുന്നതെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തുന്നതിനാല്‍ ആയിരമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
 നാഷണല്‍ ഡിഫന്‍സ് അക്കാദമി, സയന്‍സ് റിസര്‍ച്ച് സെന്റര്‍, മലയാളം സര്‍വ്വകലാശാല,  കുസാറ്റ്, കാലിക്കറ്റ് സര്‍വ്വകലാശാല, എന്‍ ഐ ടി, എന്‍ ഐ എഫ് ടി, ലീഗല്‍ സ്റ്റഡി, കാര്‍ഷികസര്‍വ്വകലാശാല, ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, റ്റാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്, വെറ്റിനറി സര്‍വ്വകലാശാല, ഏഷ്യയിലെത്തന്നെ ഒന്ന് മാത്രമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് സയന്‍സ് ആന്റ് ടെക്നോളജി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് എക്സിബിഷനിലുള്ളത്. ഡിസംബര്‍ ഒന്ന് വരെ എക്‌സ്‌പോ തുടരും.