സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡിസംബര്‍ 15 വരെ സമയമുള്ളതിനായി പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുകയോ തിരക്കു കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടര്‍ സാസംബശിവ റാവു അറിയിച്ചു. കോഴിക്കോട് ജില്ലയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ആണ് മസ്റ്ററിംഗ് നടത്താന്‍ അനുവദിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ മസ്റ്ററിംഗ് നടത്തുവാന്‍ ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം അക്ഷയ സംരംഭകരുടെ സഹകരണത്തോട് കൂടി വാര്‍ഡ് അടിസ്ഥാനത്തില്‍ ക്യാമ്പുകളും ജില്ലയില്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വാര്‍ഡ് അംഗങ്ങളില്‍നിന്നോ തദ്ദേശ സ്വയംഭരണ സ്ഥപനത്തില്‍ നിന്നോ ലഭ്യമാവും.

അക്ഷയ കേന്ദ്രങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടത്തുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാനാവാത്ത കിടപ്പുരോഗികളുടെ വീട്ടിലെത്തി അക്ഷയ കേന്ദ്രം സംരംഭകര്‍ ഡിസംബര്‍ 11 മുതല്‍ 15 വരെ മസ്റ്ററിംഗ് നടത്തും. ഇതിനായി വീട്ടില്‍ പെന്‍ഷന് അര്‍ഹരായ കിടപ്പുരോഗികളുണ്ടെങ്കില്‍ ബന്ധുക്കള്‍ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. അതിനും കഴിയാത്തവരുടെ പട്ടിക അങ്കണവാടി വര്‍ക്കര്‍മാര്‍ നേരിട്ട് ശേഖരിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ അക്ഷയകേന്ദ്രത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. വീടുകളിലെത്തി മസ്റ്ററിങ് നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണെന്ന് കലക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള പരാതികള്‍ക്കും വിവരങ്ങള്‍ക്കും അക്ഷയ ജില്ല പ്രൊജക്റ്റ് ഓഫീസിന്റെ 0495 2304775 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.