ആലപ്പുഴ: കയർ കേരളയുടെ എട്ടാംപതിപ്പ് ഡിസംബർ നാല് മുതൽ എട്ടു വരെ ആലപ്പുഴയിൽ നടക്കും. കഴിഞ്ഞ രണ്ടു വർഷമായി കയർ മേഖലയിൽ നടക്കുന്ന രണ്ടാം കയർ പുന:സംഘടനയുടെ പശ്ചാത്തലത്തിലാണ് 2019ലെ കയർ കേരള അരങ്ങേറുന്നത്. കാലങ്ങളായുള്ള കയർ വ്യവസായത്തിന്റെ അടിസ്ഥാനദൗർബല്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നുവെന്നതാണ് രണ്ടാം പുനഃസംഘടനയുടെ പ്രാധാന്യം. ഇതിന്റെ ഗുണപരമായ ചലനങ്ങൾ വ്യവസായത്തിൽ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നുവെന്ന് ധനകാര്യ, കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.
മൂന്നുകൊല്ലം മുമ്പ് 10,000 ടണ്ണില്‍ താഴെയായിരുന്നു സംസ്ഥാനത്തെ കയർ ഉൽപ്പാദനം. കേരളത്തിലെ കയർ വ്യവസായത്തിന്റെ പ്രൗഡിയുടെ കാലത്ത് ഒരുലക്ഷം ടൺ കയർ ഉൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന സ്ഥിതിയിൽ നിന്നായിരുന്നു ഈ പതനം. ചകിരിക്കു വേണ്ടിയുള്ള സമ്പൂർണ്ണ പരാശ്രിതത്വമാണ് വ്യവസായത്തെ ഈ നിലയിൽ എത്തിച്ചതിന്റെ ഒരു പ്രധാന കാരണം. 2017-18ല്‍ ഉൽപ്പാദനം 14,500 ടണ്ണായി ഉയർന്നിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേയ്ക്കും സംസ്ഥാനത്ത് കയർ ഉൽപ്പാദനം 20,000 ടണ്ണായി ഉയരുമെന്ന് നിശ്ചയമാണ്. 2020-21ൽ 40,000 ടൺ കയർ ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്.
കയർ ഉൽപ്പാദനത്തിൽ ഈ ലക്ഷ്യം കൈവരിക്കുന്നതിന് കയർപിരി സംഘങ്ങളെ ആധുനീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള ശക്തമായ നടപടികൾ പുരോഗമിക്കുകയാണ്. പരമ്പരാഗത പിരിമേഖലയെ സംരക്ഷിച്ചുകൊണ്ടുതന്നെ വ്യവസായത്തിന്റെ ആധുനീകരണമാണ് രണ്ടാം കയർ പുനഃസംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇലക്ട്രോണിക് റാട്ടുകളും ഫാക്ടറി അടിസ്ഥാനത്തിലുള്ള ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്ലുകളും വേഗതയില്‍ വിന്യസിക്കുകയാണ്. തൊഴിലാളികളുടെ ജോലി ഭാരത്തിൽ കുറവ് ഉണ്ടാകുകയും ഉൽപ്പാദനക്ഷമത ഉയരുകയും ചെയ്യുകയാണ്. സ്വാഭാവികമായും ലഭ്യമാകുന്ന കൂലിയും വർദ്ധിക്കും.
കയർഫെഡ് സംഭരിക്കുന്ന കയർ, വിപണിയില്ലാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു ഇതുവരെ. ഇന്ന് സംഭരിക്കുന്ന കയർ മുഴുവൻ വിറ്റഴിക്കപ്പെടുകയാണ്. ഇത് ഉൽപ്പന്നമേഖലയിൽ തന്നെയാണ് വിനിയോഗിക്കപ്പെടുന്നത്. കയർഫെഡിന്റെ കയർ വിപണനം 2015-16ൽ 7,029 ടൺ ആയിരുന്നത് 2018-19 ൽ 15,792 ടണ്ണായി ഉയർന്നു.
അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന കയർ ഉപയോഗിച്ച് ആവശ്യമുള്ള ഉൽപ്പന്നങ്ങളിലേയ്ക്ക് മാറാനാണ് ശ്രമം. 2017 കയർ കേരളയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായി നൂറിലധികം കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിനുള്ള കരാറാണ് ഒപ്പുവച്ചത്. പക്ഷെ, ഇത് പൂർണ്ണമായും നല്‍കാനായില്ല. അതേസമയം 60 കോടിയിലധികം രൂപയുടെ കയർ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞു. കയർ ഭൂവസ്ത്രത്തിന് പുതിയ ഉപയോഗമേഖലകളും ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണത്തിൽ കയർ ഭൂവസ്ത്ര വിനിയോഗത്തിന് അംഗീകാരമായി. കേന്ദ്ര പിഡബ്ല്യുഡിയുടെ റോഡ് നിർമ്മാണങ്ങൾക്കും കയർ ഭൂവസ്ത്രം അംഗീകൃത ഉൽപ്പന്നമായി വിജ്ഞാപനം ഇറങ്ങുകയാണ്. ഉയർന്നുവരുന്ന ഈ പുതിയ ഡിമാന്റിന് അനുസരിച്ച് കയർ ഭൂവസ്ത്രം ഉൽപ്പാദിപ്പിക്കാനായാൽ കേരളത്തിലെ വ്യവസായത്തിന്റെ ഭാവി ശോഭനമായിരിക്കും.
ചകിരി ദൗര്‍ലഭ്യമാണ് മറ്റൊരു പ്രശ്നം. രണ്ടാം കയർ പുനഃസംഘടനയുടെ പ്രധാനപ്പെട്ട ഊന്നൽ ചകിരി ഉൽപ്പാദനത്തിലാണ്. തൊണ്ട് സുലഭമായ ഇടങ്ങളിൽ മില്ലുകൾ സ്ഥാപിച്ച് ചകിരി ഉൽപ്പാദിപ്പിക്കുയാണ്. 2016-19 കാലയളവില്‍ 120 ചകിരി മില്ലുകള്‍ സ്ഥാപിച്ചു. ഇരുനൂറോളം ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും ഇരുപതിനായിരത്തോളം ഇലക്ട്രോണിക് റാട്ടുകളും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മെഷീന്‍ മാനുഫാക്ച്വറിംഗ് കമ്പനി നിര്‍മിച്ച് വിതരണം ചെയ്തിട്ടുമുണ്ട്. സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും കുടുംബശ്രീപോലുള്ള സംവിധാനങ്ങൾ വഴി തൊണ്ട് ശേഖരിച്ച് ചകിരി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് വിജയം കൈവരിക്കുന്നത്. 2015-16ൽ ആഭ്യന്തര ചകിരി ഉൽപ്പാദന രംഗത്ത് ഒരു ശതമാനം പോലും ഉത്പാദിപ്പിക്കാത്ത സാഹചര്യത്തിൽ നിന്നും ഇപ്പോൾ കയർഫെഡ് സംഭരിക്കുന്ന ചകിരിയുടെ 44 ശതമാനവും സംസ്ഥാനത്തിന് അകത്തുനിന്നുള്ള ഉൽപ്പാദനമാണ്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് കയര്‍ഫെഡില്‍ 1,11,000 ക്വിന്റല്‍ ചകിരിയും 4,87,000 ക്വിന്റല്‍ കയറും സംഭരിച്ചിട്ടുണ്ട്.
ഉൽപ്പന്നമേഖലയിലും ഈ ഉണർവ്വ് പ്രകടമാണ്. 2015-16 ൽ 97.99 കോടിയുടെ ഉൽപ്പന്നം സംഭരിച്ചിരുന്ന സ്ഥാനത്ത് 2018-19ൽ കയർ കോർപ്പറേഷൻ വഴിയുള്ള ഉൽപ്പന്ന സംഭരണം 153.19 കോടിയായി ഉയർന്നു. കയർ കോർപ്പറേഷന്റെ വിറ്റുവരവ് ഈ സാമ്പത്തികവർഷം നവംബര്‍വരെ 120 കോടി രൂപയാണ്. വര്‍ഷാവസാനമാകുമ്പോള്‍ ഇത് 250 കോടിയായി ഉയരും.
കയർ ഭൂവസ്ത്രം മണ്ണുജല സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനുമെല്ലാം ഉതകുന്ന ഈടുറ്റ ഉൽപ്പന്നമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കയർ ഭൂവസ്ത്രത്തിന് ലഭിക്കുന്ന ഓർഡർ പൂർണ്ണമായും നിറവേറ്റാനായാൽ വ്യവസായത്തിന്റെ ഭാവി ശോഭനമായിരിക്കും. കയർ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വിപണി വർദ്ധിപ്പിക്കുന്നതിനായി ഇൻഡ്യ ഒട്ടാകെ ശൃംഖലകളുള്ള വിവിധ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തുകയും അതിന്റെ ഭാഗമായി ധാരണയിൽ ഏർപ്പെടുകയും ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനു തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കയർ ഉൽപ്പന്ന മേഖലയ്ക്ക് പുത്തൻ ഉണർവ്വാണ് പകരുന്നത്.
കയർ മേഖലയിൽ സംസ്ഥാന സർക്കാർ മുടക്കുന്ന പണത്തിന്റെ അളവും ഗണ്യമായി ഉയർന്നിട്ടുണ്ട്. 2015-16 ൽ സർക്കാർ മുടക്കിയ പണം 68.29 കോടി രൂപയായിരുന്നുവെങ്കിൽ 2018-19 ൽ ഇത് 131.43 കോടി രൂപയായി ഉയർന്നു. കയർ സഹകരണ സംഘങ്ങളുടെ ആധുനീകരണത്തിനായി 200 കോടി രൂപയുടെ എൻസിഡിസി സഹായം നേടിയെടുക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
കയര്‍ വികസന വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ.ദേവകുമാര്‍, കയര്‍ മാനുഫാക്ച്വറിംഗ് കമ്പനി ചെയര്‍മാന്‍ അഡ്വ. കെ.പ്രസാദ്, ഫോംമാറ്റിംഗ്സ് ചെയര്‍മാന്‍ അഡ്വ. കെ.ആര്‍.ഭഗീരഥന്‍, കയര്‍ വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.എസ്.പ്രദീപ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.