ജൈവകൃഷിയില്‍ നൂറുമേനി വിജയം നേടിയ എറികാട് യു.പി സ്കൂള്‍ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്ന സ്കൂള്‍, സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ എസി ഹൈെടെക് സ്കൂള്‍ എന്ന ബഹുമതിയും നേടിയിരുന്നു.
ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, ശുചിത്വ മാലിന്യ സംസ്കരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് സ്കൂളിനെ ഹരിതാഭമാക്കി മാറ്റിയത്.
ചടങ്ങില്‍ റോട്ടറി ക്ലബ് കോട്ടയം സതേണിന്‍റെ സഹകരണത്തോടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി തയ്യാറാക്കിയ തുണി സഞ്ചികളുടെ വിതരണം ഡോ. സീമ നിര്‍വഹിച്ചു. ഉപയോഗ ശൂന്യമായ വസ്ത്രങ്ങളുപയോഗിച്ച് തുണി സഞ്ചികള്‍ നിര്‍മ്മിക്കുന്ന വിധം അധ്യാപികയായ സിന്‍ജ പോള്‍ വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് നിബു ജോണ്‍ എരുത്തിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, വാര്‍ഡ് മെംബര്‍ സാം കെ. വര്‍ക്കി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രമേശ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ബിപിഒ സുജ വാസുദേവന്‍, പി.ടി.എ പ്രസിഡന്‍റ് കെ.കെ സതീഷ്, റോട്ടറി ക്ലബ് പ്രതിനിധി അനു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് പി.ബി സുധാകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.പി രാരിച്ചന്‍ നന്ദിയും പറഞ്ഞു